Kerala
റോഡിൽ ‘പറക്കുന്ന’ എല്ലാവരും ഈ  യുവാവിനെ  വായിക്കണം  
Kerala

റോഡിൽ ‘പറക്കുന്ന’ എല്ലാവരും ഈ യുവാവിനെ വായിക്കണം  

Web Desk
|
21 Sep 2018 11:39 AM GMT

ഹൃദയം തൊടുന്ന എഴുത്ത് സോഷ്യൽ മീഡിയയിൽ വൈറൽ 

ബൈക്കപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ട യുവാവിന്റെ ഹൃദയം തൊടുന്ന എഴുത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കോഴിക്കോട് അത്തോളി സ്വദേശി ജാസിറാണ് തനിക്കുണ്ടായ മുൻ ബൈക്ക് അപകട അനുഭവം ഓർമിപ്പിച്ച് പോസ്റ്റെഴുതിയത്. റോഡിലൂടെ സഞ്ചരിച്ചപ്പോൾ ബൈക്കിൽ പറക്കുന്ന യുവാക്കളെ കണ്ടത് കൊണ്ടാണ് ഇങ്ങനെയൊരു എഴുത്തെന്നും ജാസിർ പറയുന്നു. റോഡിൽ പറക്കുന്ന എല്ലാവരും ഈ എഴുത്ത് വായിക്കണം എന്നാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഭൂരിപക്ഷം പേരും പോസ്റ്റിനെക്കുറിച്ച് പറയുന്നത് പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

തീവ്രമായൊരു വെളിച്ചം കണ്ണിൽ പതിച്ചതോർമ്മയുണ്ട്.അവ്യക്തമായ കൊറേ ശബ്ദങ്ങളും. നിർത്താതെയുള്ള ഹോണടിശബ്ദം കേൾക്കുന്നുണ്ട്. കണ്ണ് തുറന്നുനോക്കുമ്പോൾ കാറിലെ പിന് സീറ്റിൽ കിടത്തിയിരിക്കുകയാണ്. പുറം കാഴ്ചകളൊന്നും തെളിയുന്നില്ല, എവിടെയെത്തിയെന്നോ എങ്ങോട്ടാണ് പോകുന്നതെന്നോ ആരാണ് കാറിലെന്നോ അറിയില്ല. പക്ഷെ യാത്ര നല്ല വേഗതയിലാണെന്ന് മനസിലായി. ഫോൺ റിങ് ചെയ്യുന്നുണ്ട്. ശരത്താണ്.
"ഡാ എന്തോ പറ്റിറ്റ്ണ്ട്. ഇങ്ങോട്ട് വാ". അവന്റെ മറുപടിയൊന്നും കേട്ടില്ല. ഫോൺ കയ്യിൽ നിന്നും താഴെ പോയി.

ഓർമയുടെ രണ്ടാം ഘട്ടം തുടങ്ങുമ്പോൾ സ്ട്രക്ച്ചറിൽ കിടക്കുവാണ്. തൊട്ടരികിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ഓഫീസർ തോരായിക്കാരൻ ബാബുവേട്ടനുണ്ട്. എവിടെയൊക്കെയോ ബാബുവേട്ടൻ എന്നേം തള്ളിപ്പോവുന്നുണ്ട്. ഒന്നും വ്യക്തമാവുന്നില്ല. തലക്കും കൺപോളക്കും വല്ലാത്ത കനം. കണ്ണ് തുറക്കാനാവുന്നില്ല. ഇടക്കെപ്പോയോ അദ്ദേഹം ഫോണെനിക്ക് നീട്ടി. ഉപ്പയാണ്, എന്തോ സംസാരിച്ചു. ഒന്നും പറ്റിയിട്ടില്ലെന്നാവണം ഞാൻ പറഞ്ഞിട്ടുണ്ടാവുക. കൃത്യമായി എന്താണെന്ന് ഓർമയില്ല, പിന്നീടിതുവരെ ഉപ്പാനോട് ചോദിച്ചിട്ടും ഇല്ല. കാഷ്വാലിറ്റിക്ക് സമീപത്തെ പ്ലാസ്റ്റർ റൂമിലേക്ക് കൊണ്ടുപോകുമ്പോയേക്കും സ്ട്രക്ച്ചറിന് ചുറ്റും ആളുകളെത്തിയിയിട്ടുണ്ട്. കൂട്ടുകാരെത്തിയിട്ടുണ്ടാവണം. പ്ലാസ്റ്റർ റൂമിൽ നിന്നും ഇട്ടിരുന്ന പാന്റ്സ് വെട്ടിമാറ്റി. മൂത്രം പോവാനായി കത്തീറ്റർ (urinary catheter) ഇട്ടതും ഇടക്കൊരു ഡ്രിൽ മെഷീൻ വർക്ക്ചെയ്യുന്ന ശബ്ദവും ഓർമയുണ്ട്. തലപൊളിയുന്ന പോലെ, വീണ്ടും ഉറക്കത്തിലോട്ട് പോയി. ആശുപത്രിയും ചോരയും വേദനയും, വൃത്തികെട്ട സ്വപ്നമാണ് കാണുന്നതൊക്കെയും. ഉറക്കമുണരണമെന്നുണ്ട്. ഈ സ്വപ്നമെനിക്ക് കാണാണ്ടായിരുന്നു. പക്ഷെ ഉണരാൻ വയ്യ. കണ്ണ് തുറക്കാൻ കഴിയുന്നില്ല. നേരമൊന്ന് വെളുത്തുകിട്ടിയിരുന്നെങ്കിൽ ഈ നശിച്ച സ്വപ്നം അവസാനിച്ച് കിട്ടിയേനെ. രാവിലെ എഴുന്നേറ്റ് കളിയ്ക്കാൻ പോവാനുള്ളതാണ്. ചോരയുടെയും മരുന്നിന്റെയും മടുപ്പിക്കുന്ന മണം മൂക്കിൽ അടിച്ചുകയറുന്നു. വയ്യ, ഉണരണം. തലയൊന്ന് ശക്തിയായി കുലുക്കി കണ്ണ് തുറക്കാനൊരു ശ്രമം നടത്തി. ഒരു കൈ നെറ്റിയുടെ മുകളിൽ വന്നുവീഴുന്നു, ഉമ്മയാണ്. കണ്ണുകളൊക്കെ കലങ്ങിയിട്ടുണ്ട്. "മോൻ ഉറങ്ങിക്കോ. ഒന്നൂല്ല"
" പേടിയാവുന്ന് ഉമ്മാ, എന്തോ സ്വപ്നം കാണുന്ന്".
"ഇല്ല ല്ല. ഉമ്മ സലാത്ത് ചൊല്ലുന്നുണ്ട്. ഉറങ്ങിക്കോ"
കണ്ണുകൾക്ക് കനം വെക്കുന്നു. കൂട്ടുകാരൊക്കെ ചുറ്റിലും ഉണ്ട്.വീണ്ടും ഉറക്കം

ഇത്തവണ കൊറേക്കൂടി കാര്യങ്ങൾ വ്യക്തമാവുന്നുണ്ട്. കണ്ടതൊന്നും സ്വപ്നമല്ല. രാത്രി ബൈക്ക് അപകടത്തിൽ പെട്ടിട്ടുണ്ട്. എവിടെയൊക്കെയോ വേദനിക്കുന്നുണ്ട്. എവിടുന്നാണെന്നോ എന്താണ് സംഭവിച്ചതെന്നോ ഓർത്തെടുക്കാൻ പറ്റുന്നില്ല. അപകടം സംഭവിച്ച് രണ്ടാം ദിവസമായിരിക്കുന്നു എന്ന് അപ്പോഴും മനസിലായിട്ടില്ല. കൂടെ ജംഷിയും ഉണ്ടായിരുന്നു. അവനെവിടെ?. ആരും അവന്റെ കാര്യങ്ങളൊന്നും പറയുന്നില്ല. അവനെന്തോ പറ്റി, എന്നോടെന്തോ മറച്ചുവെക്കുന്ന പോലെ ഉള്ളിൽ ആധി നിറയാൻ തുടങ്ങി. ഉമ്മനോടും കൂടെയുള്ളവരോടുമെല്ലാം അവനെക്കുറിച്ച് നിരന്തരം തിരക്കാൻ തുടങ്ങി. അമീറിന്റെ ഫോണിൽ ജംഷിയോട് സംസാരിച്ച ശേഷമാണ് സമാധാനമായത്. അവന് സംസാരിക്കാൻ വയ്യ. ചുണ്ട് മുറിഞ്ഞ് വായ മുഴുവൻ തുന്നലിട്ടിരിക്കുവാണ്. അവന്റെ മുഖത്തെ വൃത്തികേട് മുഴുവൻ മാറിയിരിക്കുന്നു എന്ന തമാശയുമായി ഫോട്ടോ കാണിച്ചുതന്നത് ഷാക്കിറാണ്. മുഖമൊക്കെ വീങ്ങിത്തടിച്ച് മുഴുവനും മുറിഞ്ഞ് കാണാൻ നല്ല ഷേപ്പുണ്ട്.പക്ഷെ അവൻ വീട്ടിലോട് പോയിരിക്കുന്നു. ഞാനിപ്പോഴും ആശുപത്രിയിൽ തന്നെയുണ്ട്. അപ്പോൾ എനിക്കെന്തോ സംഭവിച്ചിട്ടുണ്ട്. തലയൊന്ന് ഉയർത്താനൊരു ശ്രമം നടത്തി. തലയുടെ കനം കുറഞ്ഞിട്ടുണ്ട്. താഴേ കമ്പിക്കൂടൊക്കെ കാണുന്നുണ്ട്. വലത്തേ കാൽ കമ്പിക്കൂട്ടിലിട്ട് ഉയർവെച്ചിട്ടുണ്ട്. കാൽമുട്ടിന് താഴെ വിലങ്ങനെ കമ്പി കയറ്റി( skeletal traction) അതിൽ മണല് കെട്ടിത്തൂക്കിയിരിക്കുന്നു. പണികിട്ടിയിട്ടുണ്ട്. കാലൊടിഞ്ഞിരിക്കുന്നു.എതിരെ വന്ന ബൈക്കുമായി ഇടിച്ചതാണ്. അതിലുണ്ടായിരുന്ന രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഭാഗ്യം, നാലുപേരും ജീവനോടെയുണ്ട്.

അടുത്ത ദിവസമാണ് സർജറി. ഒടിഞ്ഞ ഭാഗത്ത് സ്റ്റീൽ ഇടണം. കാണുന്നത് മുഴുവൻ സ്വപ്നമാവണേ എന്ന് ആത്മാർഥമായി ആഗ്രഹിച്ച നിമിഷങ്ങൾ. ഓപ്പറേഷൻ തീയേറ്ററും ചുറ്റിലും കുറെ ഡോക്ടർമാരും ഡ്രിൽ മെഷീൻ വർക്ക്ചെയ്യുന്ന ശബ്ദവും തെളിച്ചമില്ലെങ്കിലും ഓർമയുണ്ട്. പക്ഷെ അന്നത്തെ ഡോക്ടർമാരിൽ ഒരുമുഖം പോലും ഇപ്പൊ ഓർമയിൽ തെളിയുന്നില്ല. അവിടുന്നിങ്ങോട്ട് ഒരുവര്ഷവും ഏഴ് മാസവും കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ പലപ്പോഴായി ചെറിയ സർജറികളും. ജീവിതത്തിലെ ചെറുതല്ലാത്ത ഒരുകാലയളവ് വീടിനകത്ത് കുടുങ്ങിയിരിക്കുന്നു. ഈ കാലത്ത് പലതും തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടമായിട്ടുണ്ട്. പക്ഷെ നഷ്ട്ടങ്ങൾ മാത്രമാണോ?. അല്ലെന്നതാണ് വാസ്തവം. ചില തിരിച്ചറിവുകൾ ഈ കാലം എനിക്ക് തന്നിട്ടുണ്ട്. അതുകൂടി പറഞ്ഞ് ഞാനവസാനിപ്പിക്കാം.

കുടുംബം.തളർന്നുപോവാതെ താങ്ങിനിർത്തിയ ചുമലുകളിലൂടെ കുടുംബമെന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഉപ്പയുടെ, ഉമ്മയുടെ,ഏട്ടന്റെ അനിയത്തിയുടെ നോട്ടത്തിൽ പോലും സ്നേഹവും കരുതലും ഞാനിന്ന് കാണുന്നുണ്ട്. മുമ്പൊക്കെ ഒളിച്ചും ഒഴിഞ്ഞുമാറിയും നടന്നിരുന്ന ബന്ധുക്കളുടെയൊക്കെ സ്നേഹം ഇപ്പോയെനിക്ക് മനസിലാക്കാം. അവരുടെയൊക്കെ സാമീപ്യം ഞാനിഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു.
കൂട്ടുകാർ. പരിചയമുള്ള ആയിരങ്ങൾക്കിടയിൽ നിന്ന് ആരാണെന്റെ കൂട്ടുകാരനെന്ന് എനിക്കിന്ന് വ്യക്തമായി തിരിച്ചറിയാം. രക്തബന്ധത്തിനപ്പുറം നമ്മളോട് ചേർന്ന സൗഹൃദങ്ങളുടെ മൂല്യമെത്രയാണെന്ന പാഠം ഞാനീ കാലത്താണ് മനസ്സിലാക്കിയത്. ഇത് പറയുമ്പോഴും അവരെയോർത്തെന്റെ കണ്ണ് നിറയുന്നുണ്ട്. ചിലപ്പോ ലോകത്ത് എല്ലായിടത്തും കൂട്ടുകാരിങ്ങനെ തന്നെയായിരിക്കും. എന്നാലും അവരെന്നെ കൊണ്ടുനടന്നപോലെ എനിക്ക് പറ്റുമോ എന്ന് സംശയമാണ്. വീണ് കിടന്നപ്പോൾ എഴുന്നേറ്റ് നടക്കാൻ ഊർജം തന്നകൂട്ടുകാരി, വീട്ടിൽ കിടക്കുമ്പോ എന്നെക്കാളും ഉച്ചത്തിൽ തൊണ്ടപൊട്ടിച്ചു കരഞ്ഞ കൂട്ടുകാരൻ. നിന്നെയൊക്കെ ഏതുകാലത്താടാ മറക്കുന്നേ😔
എന്റെ യാത്രകൾ മെഡിക്കൽ കോളേജിലേക്കും തിരിച്ചും മാത്രമായി ചുരുങ്ങിയ കാലം കൂടിയാണ് കഴിഞ്ഞുപോയത്. ഈ യാത്രയിൽ ഞാനറിഞ്ഞ മറ്റൊരു കാര്യം കൂടിയുണ്ട്. ഏത് സ്ഥലത്തോട്ട് യാത്ര ചെയ്താലും നമ്മുടെ നാടടുത്തെത്തുമ്പോൾ മാത്രം ഉള്ളിൽ നിറയുന്നൊരു സുരക്ഷിതത്വ ബോധമുണ്ട്. ഇവിടെ വച്ചെനിക്ക് അപകടമൊന്നും സംഭവിക്കില്ലെന്ന തോന്നൽ. അത് തരുന്ന അപാരമായ ആത്മവിശ്വാസം. സ്വന്തം നാടെന്ന വികാരമെന്താണെന്നും നാട്ടുകാർക്ക് നമ്മുടെ മേലുള്ള ആകാംഷ എന്നത് ഒരുതരത്തിൽ അവർക്കുള്ള കരുതലിന്റെ മറ്റൊരു രൂപമാണെന്നുള്ള തിരിച്ചറിവും ഇപ്പോഴെനിക്കുണ്ട്.

ഇതൊക്കെ ഞാനിപ്പോ എന്തിനാണ് പറയുന്നതെന്നല്ലേ. പ്രത്യേകിച്ചൊന്നിനുമല്ല. എന്തെങ്കിലും പറയണ്ടേ എന്നോർത്ത് പറഞ്ഞതാണ്. അല്ലാതെ വൈകീട്ട് ഷാക്കിറിന്റെ കൂടെ ഉള്യേരിക്ക് പോവുമ്പോ പൾസർ 220 ബൈക്കിൽ അന്യായ വേഗതയിൽ ബസിനെ മറികടക്കാൻ നോക്കി എതിരെ വന്ന ലോറിക്കടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടുപോയ നാട്ടുകാരനായ കൊച്ചുപയ്യനെ കണ്ടതുകൊണ്ടല്ല. അവന്റെ മുന്നിലും പിന്നിലുമായി റോഡിൽ റേസിംഗ് നടത്തിയ അതെ പ്രായത്തിലുള്ള ബാക്കി 4 പിള്ളാരെയും ഞാൻ കണ്ടില്ല. അഥവാ നിങ്ങളാരെങ്കിലും അവരെ കാണുവാണെങ്കിൽ ഒരു കാര്യം പറയണം. ഹെൽമെറ്റൊക്കെ അവർക്ക് വേണമെമെങ്കിൽ വെച്ചോട്ടെ, പക്ഷെ ഒരിത്തിരി വേഗത വളവുകളിലെങ്കിലും കുറക്കാൻ പറയണം. വേറൊരുത്തനെ കൊണ്ട് കൂടി ഇതുപോലെ സെന്റി കഥകൾ പറയിപ്പിക്കേണ്ടല്ലോ.

Similar Posts