ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ചോദ്യംചെയ്യല്‍ അവസാനഘട്ടത്തിലേക്ക്; നിയമോപദേശം ലഭിച്ചാല്‍ തുടര്‍നടപടിയെന്ന് അന്വേഷണസംഘം
|ചോദ്യംചെയ്യല്‍ ഇന്ന് പൂര്‍ത്തിയാക്കി അറസ്റ്റ് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. രണ്ട് ദിവസമായി 15 മണിക്കൂറാണ് ബിഷപ്പിനെ ചോദ്യംചെയ്തത്
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ചോദ്യം ചെയ്യല്‍ തുടര്‍ച്ചയായ മൂന്നാം ദിവസത്തിലേക്ക്. ചോദ്യംചെയ്യല്‍ ഇന്ന് പൂര്‍ത്തിയാക്കി അറസ്റ്റ് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. ഇന്ന് നിയമോപദേശം കൂടി ലഭിച്ചാല്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് കോട്ടയം എസ്.പി പറഞ്ഞു. രണ്ട് ദിവസമായി 15 മണിക്കൂറാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്.
ആദ്യ ദിവസം ബിഷപ്പിന് പറയാനുള്ള അവസരമാണ് അന്വേഷണ സംഘം നല്‍കിയത്. എന്നാല്‍ രണ്ടാം ദിവസം കൃത്യമായ തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍ നടന്നത്. തൃപ്തികരമായ മൊഴികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് വിവരം. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യല്‍ ഏകദേശം പൂര്‍ത്തിയായി.
ബിഷപ്പിന്റെ മൊഴിയും അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളും വിശദമായി പരിശോധിക്കുന്ന ജോലികള്‍ ഇതോടെ ആരംഭിച്ചു. നിയമോപദേശം കൂടി ലഭിച്ചാല്‍ ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കോട്ടയം എസ്.പി പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി 15 മണിക്കൂര്‍ ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മൂന്നാം ദിവസം 10.30ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അവസാനവട്ട ചോദ്യം ചെയ്യലിലും നേരത്തെ നല്‍കിയ മൊഴികളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.