നെഞ്ചുവേദനയെന്ന് ബിഷപ്പ്; ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍
|കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഫ്രാങ്കോ മുളക്കലിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ആറ് മണിക്കൂര്‍ നിരീക്ഷണം ആവശ്യമുണ്ടെന്നു ആയിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്. കോടതിയില്‍ ഹാജരാക്കുന്നതടക്കമുള്ള തുടര്‍ നടപടികളെ കുറിച്ച് ഡോക്ടര്‍മാരുടെ വിലയിരുത്തലിന് ശേഷമാകും തീരുമാനമെടുക്കുക.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റ് ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനിടെ ബിഷപ്പിന്റെ വാദങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ബലാത്സംഗം ഉള്‍പ്പെടെ നാല് കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
വ്യക്തിവൈരാഗ്യമാണ് ആരോപണത്തിന് പിന്നിലെന്ന ബിഷപ്പിന്റെ വാദം ശരിയാണോ എന്ന പരിശോധനയാണ് അന്വേഷണ സംഘം ആദ്യം നടത്തിയത്. സാക്ഷിമൊഴികളില്‍ നിന്നും ചോദ്യം ചെയ്തതില്‍ നിന്നും ഇത് കളവാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. പീഡനം നടന്ന ദിവസം മഠത്തില്‍ എത്തിയില്ലെന്ന ബിഷപ്പിന്റെ വാദവും തെളിവുകള്‍ നിരത്തി അന്വേഷണസംഘം പൊളിച്ചതോടെ ബിഷപ്പ് പ്രതിരോധത്തിലായി. ബിഷപ്പ് ആവര്‍ത്തിച്ച് പറഞ്ഞിരുന്ന ഗൂഢാലോചനാ ആരോപണവും ശരിയല്ലെന്ന് കണ്ടതോടെ അറസ്റ്റിലേക്ക് നീങ്ങാന്‍ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, ഭീഷണി, അന്യായമായി തടങ്കലില്‍ വെക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. നൂറിലധികം ആളുകളുടെ മൊഴികളും തെളിവുകളും രഹസ്യമൊഴിയും വിശദമായി പരിശോധിച്ചാണ് അറസ്റ്റിലേക്ക് അന്വേഷണ സംഘം എത്തിയത്. അതേസമയം പരാതിക്കാരിയെ അടക്കം സ്വാധീനിക്കാന്‍ ശ്രമിച്ച കേസുകളിലും അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും കോട്ടയം എസ്. പി അറിയിച്ചു.
അറസ്റ്റ് രേഖപ്പെടുത്തിയത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍
നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ തന്നെ അറസ്റ്റ് നടന്നെന്ന വാര്‍ത്ത പരന്നെങ്കിലും സ്ഥിരീകരണം വരാന്‍ പിന്നേയും മണിക്കൂറുകള്‍ കഴിഞ്ഞു. ഒടുവില്‍ രാത്രി എട്ട് മണിയോടു കൂടിയാണ് പൊലീസ് അറസ്റ്റ് സ്ഥിരീകരിച്ചത്.
മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ ഇന്നലെ ഉച്ചയോടെ തന്നെ ബിഷപ്പിന്റെ അറസ്റ്റുണ്ടാകുമെന്ന സൂചന പൊലീസ് നല്‍കിയിരുന്നു. എന്നാല്‍ അറസ്റ്റ് സംബന്ധിച്ച സാങ്കേതികത്വങ്ങള്‍ പിന്നേയും നീണ്ടു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് 1.15ഓടു കൂടി എസ്പിയുടെ തന്നെ വിശദീകരണം പുറത്തു വന്നു.
തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ കോട്ടയം എസ്.പി ഹരിശങ്കര്‍ മാധ്യമങ്ങളെ കാണുമെന്നുള്ള അറിയിപ്പും വന്നു. എന്നാല്‍ എത്ര മണിക്കായിരിക്കും മാധ്യമങ്ങളെ കാണുകയെന്നത് സംബന്ധിച്ച് അവ്യക്തത അപ്പോഴും തുടര്‍ന്നു. 6.30ഓടു കൂടി എസ്.പി ഹൈടെക് സെല്‍ കെട്ടിടത്തിന് പുറത്തേക്കെത്തി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി.
നേരെ എറണാകുളം റേഞ്ച് ഐ.ജി വിജയ് സാക്കറെയുടെ വീട്ടിലെത്തിയ എസ്.പി ഐ.ജിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കൊടുവില്‍ അറസ്റ്റ് വൈകുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് രാത്രി 7.20ന് എസ്.പി മറുപടി നല്‍കി.
എസ്.പി യുടെ വാഹനം വീണ്ടും തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക്. തുടര്‍ന്ന എട്ടുമണിയോടെ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 9.05 ന് വൈദ്യ പരിശോധനക്കായി ബിഷപ്പിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. 9.50ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി കോട്ടയത്തേക്കും.