കടലില്‍ കുടുങ്ങിയ മലയാളി നാവികന് അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടെത്തി
|കാണാതായ മലയാളി നാവികന് അഭിലാഷ് ടോമിയുടെ പായ്വഞ്ചി കണ്ടെത്തി. യുദ്ധവിമാനമായ പി8ഐ നടത്തിയ നിരീക്ഷണത്തിലാണ് പായ് വഞ്ചി കണ്ടെത്താനായത്. ഫ്രഞ്ച് മത്സ്യബന്ധന നിരീക്ഷണ നൗകയായ ഒസീറിസ് അഭിലാഷിന്റെ സഹായത്തിനായി എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇന്ത്യയും ഓസ്ട്രേലിയയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ശ്രമം നടത്തുന്നത്. നേരത്തെ മുതല്‍ തന്നെ ട്രാക്കര്‍ വഴി അഭിലാഷിന്റെ പായ് വഞ്ചിയുടെ സ്ഥാനം കണ്ടെത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ പി8ഐ യുദ്ധവിമാനം നടത്തിയ നിരീക്ഷണത്തില്‍ പായ് വഞ്ചിയെ നേരിട്ട് കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് നാവികസേന നല്കുന്ന വിവരം. യുദ്ധവിമാനത്തില്‍ ഉള്ള മരുന്നും ഭക്ഷണവും ആവശ്യമെങ്കില്‍ അഭിലാഷിന് കൈമാറാനും സാധിക്കും. എന്നാല്‍ പായ് വഞ്ചിയില്‍ നിന്ന് പുറത്തെത്തിക്കാന്‍ കപ്പലുകള്‍ തന്നെ സമീപത്ത് എത്തേണ്ടിവരും. ഇതിനായി ഇന്ത്യയില്‍ നിന്ന് ഐ.എന്‍.എസ് സത്പുരയും ഓസ്ട്രേലിയയില്‍ നിന്ന് ബല്ലാരത്ത് എന്ന യുദ്ധകപ്പലും പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ രണ്ട് കപ്പലും എത്താന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം ഏറ്റവും സമീപത്തുള്ള ഫ്രഞ്ച് മത്സ്യബന്ധന നിരീക്ഷണ നൗകയായ ഒസീറിസ് അഭിലാഷിന്റെ സമീപത്തേക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. അഭിലാഷുമായി ഗോൾഡന്‍ ഗ്ലോബ് അധികൃതര്‍ക്ക് ഇപ്പോഴും ബന്ധപ്പെടാന്‍ കഴിയുന്നുണ്ട്. സാറ്റ്ലൈറ്റ് ഫോണിലൂടെ നടത്തിയ ആശയവിനിമയത്തില്‍ യുദ്ധവിമാനം കണ്ടതായി അഭിലാഷ് അറിയിച്ചതായാണ് നാവികസേന വ്യക്തമാക്കുന്നത്.
ജൂണ്‍ ഒന്നിന് ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട അഭിലാഷ് കഴിഞ്ഞ 84 ദിവസമായി കടലില്‍ പ്രയാണത്തില്‍ തന്നെയാണ്.