Kerala
ഫ്രാങ്കോ മുളയ്ക്കലിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി
Kerala

ഫ്രാങ്കോ മുളയ്ക്കലിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി

Web Desk
|
23 Sep 2018 9:08 AM GMT

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ നുണപരിശോധനക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കാനും അന്വേഷണ സംഘം തീരുമാനിച്ചു

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. കനത്ത സുരക്ഷയില്‍ കുറവിലങ്ങാട്ടെ മഠത്തിലെ ഇരുപതാം നമ്പര്‍ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് മുമ്പ് കന്യാസ്ത്രീകളെ ഇവിടെ നിന്നും മാറ്റിയിരുന്നു. അതേസമയം, ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് അടക്കം വിധേയനാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

9.30 ഓടെയാണ് പൊലീസ് ക്ലബില്‍ നിന്നും ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട്ടേക്ക് കൊണ്ടു പോയത്. അരമണിക്കൂര്‍ കൊണ്ട് കുറവിലങ്ങാട്ടെത്തിയ അന്വേഷണ സംഘം 10.15 ഓടെ പീഡനം നടന്ന മഠത്തിലെ ഇരുപതാം നമ്പര്‍ മുറിയിലെത്തിച്ച് ഫ്രാങ്കോയുടെ തെളിവെടുപ്പ് ആരംഭിച്ചു. സംഭവം നടന്ന മുറി പഴയ രീതിയില്‍ തന്നെ ക്രമീകരിച്ച ശേഷമായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പിന്റെ ഭാഗമായി കന്യാസ്ത്രീ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ സംഘം ഫ്രാങ്കോയോട് ചോദിച്ചെങ്കിലും ഇത് സമ്മതിക്കാന്‍ ഫ്രാങ്കോ തയ്യാറായില്ലെന്നാണ് സൂചന. തുടര്‍ന്ന് 11.15 ഓടെയാണ് ഫ്രാങ്കോയെ തിരികെ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയത്.

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ഫ്രാങ്കോ മുളയ്ക്കലിനെ നുണ പരിശോധനകള്‍ക്ക് വിധേയനാക്കാന്‍ അന്വേഷണ സംഘം നീക്കം ആരംഭിച്ചു. പോളിഗ്രാഫും നാര്‍ക്കോ അനാലിസും നടത്താനാണ് നീക്കം. ഇതോടൊപ്പം കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് വൈദികനായ എര്‍ത്തയിലിനെതിരായ കേസ് വേഗത്തില്‍ പൂര്‍ത്തിയാക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Similar Posts