അധ്യാപക നിയമനത്തിന് പണംവാങ്ങി വഞ്ചിച്ചു; പെരുവെമ്പ് ഹൈസ്‌കൂളില്‍ വീണ്ടും ജപ്തി
|സ്‌കൂള്‍ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പെരുവെമ്പ് സ്‌കൂള്‍ മാനേജര്‍ പണം വാങ്ങി വഞ്ചിച്ചുവെന്ന് കാണിച്ച് പി.എസ് ശശികുമാര്‍ നല്‍കിയ പരാതിയിലാണ് ഹൈസ്‌കൂള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
പാലക്കാട് പെരുവെമ്പ് സി.എ ഹൈസ്‌കൂളില്‍ വീണ്ടും ജപ്തി. സ്‌കൂള്‍ മാനേജര്‍ പണം വാങ്ങി വഞ്ചിച്ചതിനെതിരെ പാലക്കാട് സ്വദേശി പി.എസ് ശശികുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി സ്വീകരിച്ചത്. അദ്ധ്യാപക നിയമനത്തിന് പണം വാങ്ങി വഞ്ചിച്ചതിനെതിരെയുള്ള പരാതിയില്‍ നേരത്തെ സ്‌കൂളില്‍ ജപ്തി നടന്നിരുന്നു.
സ്‌കൂള്‍ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പെരുവെമ്പ് സ്‌കൂള്‍ മാനേജര്‍ പണം വാങ്ങി വഞ്ചിച്ചുവെന്ന് കാണിച്ച് പാലക്കാട് കൊപ്പം സ്വദേശി പി.എസ് ശശികുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരുവെമ്പ് സി.എ ഹൈസ്‌കൂള്‍ ജപ്തി ചെയ്യാന്‍ പാലക്കാട് പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടത്. ഉത്തരവ് പ്രകാരം സ്‌കൂള്‍ കെട്ടിടത്തിന്റെ ഭാഗവും ചേര്‍ന്നുള്ള കടമുറികളും കഴിഞ്ഞ ദിവസം ജപ്തി ചെയ്തു.
അദ്ധ്യാപക നിയമനത്തിന് പണം വാങ്ങി വഞ്ചിച്ചുവെന്ന് കാണിച്ച് കൊല്ലം സ്വദേശി നന്ദിത ഗോപാലന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ ഫര്‍ണിച്ചര്‍ അടക്കമുള്ള വസ്തുക്കള്‍ നേരത്തെ ജപ്തി ചെയ്തിരുന്നു. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മീഡിയവണ്‍ സംഘത്തെ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ആളായ ഹംസത്തലിയും ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ഇബ്രാഹിമും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. ഇരുവരെയും പിന്നീട് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു.