Kerala
സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച്  പാറ പൊട്ടിക്കല്‍;  കൊടിയത്തൂരിലെ ക്വാറികള്‍ ദുരന്തത്തിന് വഴി വെക്കുമെന്ന് റിപ്പോര്‍ട്ട്
Kerala

സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിക്കല്‍; കൊടിയത്തൂരിലെ ക്വാറികള്‍ ദുരന്തത്തിന് വഴി വെക്കുമെന്ന് റിപ്പോര്‍ട്ട്

Web Desk
|
24 Sep 2018 5:49 AM GMT

ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് പ്രദേശത്ത് വന്‍ ദുരന്തത്തിന് വഴി വെക്കുമെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍‍ട്ട് നിലനില്ക്കേ കോഴിക്കോട് കൊടിയത്തൂരില്‍ വന്‍ പാറ ഖനനം. അടിയന്തര നടപടി ആവശ്യപ്പെട്ട് കൊടിയത്തൂര്‍ വില്ലേജ് ഓഫീസര് റിപ്പോര്‍ട്ട് നല്‍കിയിട്ടും പുതിയനിടത്തെ പാറ പൊട്ടിക്കുന്നത് തുടരുകയാണ്. ക്വാറികള്‍ക്കു മുകളിലെ ഭൂമിയില്‍ വിള്ളല്‍ വീണതിന്‍റെ ചിത്രങ്ങള്‍ സഹിതമാണ് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കൊടിയത്തൂര്‍ പുതിയനിടം പ്രദേശത്തെ ക്വാറികള്‍ക്ക് സമീപത്ത് 15 ഇടത്തായി കഴിഞ്ഞ മാസം ഉരുള്‍ പൊട്ടിയതായാണ് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇവിടെയുണ്ടായ വിളളലുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അടിയന്തര നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിലനില്‍ക്കേ വന്‍ തോതില്‍ സ്ഫോടനം നടത്തിയാണ് ക്വാറികളില്‍ ഖനനം തുടരുന്നത്.എളമ്പശേരി ആദിവാസി കോളനിയിയുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ മലമുകളില്‍ കൂറ്റന്‍ പാറകളാണുള്ളത്.ഇതില്‍ പലതും കഴിഞ്ഞ ഉരുള്‍ പൊട്ടലില്‍ നിരങ്ങി നീങ്ങിയതായി നാട്ടുകാര്‍ പറയുന്നു.

പ്രദേശത്തെ ക്വാറികളുടെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന പ്രകമ്പനം മൂലം ഈ കൂറ്റന്‍ പാറകള്‍ താഴേക്ക് പതിക്കാന്‍ സാധ്യതയുണ്ട്.ഇങ്ങനെ സംഭവിച്ചാല്‍ വലിയ ദുരന്തത്തിനാകും സാക്ഷ്യം വഹിക്കേണ്ടി വരികയെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.എന്നാല്‍ ഈ ക്വാറികളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇതുവരേയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Related Tags :
Similar Posts