Kerala
ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
Kerala

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Web Desk
|
24 Sep 2018 1:43 AM GMT

ഫ്രാങ്കോയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; അന്വേഷണം അവസാനഘട്ടത്തിലായതിനാല്‍ കസ്റ്റഡി കാലാവധി നീട്ടി വാങ്ങേണ്ടതില്ലെന്ന വിലയിരുത്തലില്‍ അന്വേഷണസംഘം. ഫ്രാങ്കോ മുളക്കല്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കിയേക്കും.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കോടതിയില്‍ വീണ്ടും ഹാജരാക്കും. കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കുന്നത്. പൊലീസ് കസ്റ്റഡി കാലാവധി നീട്ടി ചോദിച്ചില്ലെങ്കില്‍ ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്യും.

തെളിവെടുപ്പ്, വൈദ്യപരിശോധന, തൊണ്ടിമുതല്‍ ശേഖരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊലീസ് ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇതില്‍ ലൈംഗികശേഷി പരിശോധനയും കുറവിലങ്ങാട് മഠത്തിലെ തെളിവെടുപ്പും അന്വേഷണസംഘം പൂര്‍ത്തിയാക്കി. മൊബൈലും ലാപ്പ് ടോപ്പും കണ്ടെത്തുന്നതിനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

അന്വേഷണം അവസാനഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ കസ്റ്റഡി കാലാവധി നീട്ടിവാങ്ങേണ്ടതില്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ന് കോടതിയില്‍ ഹാജരാക്കുബോള്‍ ഫ്രാങ്കോയെ റിമാന്‍ഡ് ചെയ്യാനാണ് സാധ്യത. രണ്ട് മണിക്കാണ് കസ്റ്റഡി കാലാവധി കഴിയുന്നതെങ്കിലും രാവിലെ തന്നെ ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയില്‍ എത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും. ഈ ജാമ്യപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞില്ലെങ്കില്‍ ജാമ്യം ലഭിക്കുന്നത് വരെ ഫ്രാങ്കോയ്ക്ക് ജയിലില്‍ കഴിയേണ്ടി വരും.

കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമർപിച്ച പൊതുതാൽപര്യ ഹരജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. സി.ബി.ഐ അന്വേഷണം നടത്തണമെന്നും ബിഷപ്പിനെ അറസ്റ്റ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത്.

Similar Posts