വന്യമൃഗ ആക്രമണ ഭീതിയില്‍ ഗ്രാമങ്ങള്‍; പത്തനംതിട്ടയിൽ പുലിയിറങ്ങിയതായി അഭ്യൂഹം
|പ്രളയത്തിന് ശേഷം പത്തനംതിട്ടയിലെ വനാതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ വന്യമൃഗങ്ങളുടെ ആക്രമണ ഭീതിയില്‍. ശബരിഗിരി വനമേഖലയിലെ റാന്നി മുണ്ടപ്പുഴ പ്രദേശത്ത് പുലിയിറങ്ങിയെന്ന് അഭ്യൂഹമുണ്ട്. പ്രദേശത്തെ തെക്കേപ്പുറം എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.
മുണ്ടപ്പുഴയിലെ നാട്ടുവഴിയില്‍ പതിഞ്ഞ ഈ കാല്‍പാടുകളാണ് നാട്ടുകാരുടെ ആശങ്കയ്ക്ക് ആധാരം. രാത്രിയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പിന് കുറുകെ പുലി ചാടിയതായും കഥ പ്രചരിക്കുന്നുണ്ട്.
വന്യമൃഗങ്ങളുടെ സാന്നിധ്യം സംബന്ധിച്ച് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നിരവധി ഫോണ്‍ സന്ദേശങ്ങളാണ് ദിവസവും ലഭിക്കുന്നത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അപകടകാരികളായ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയത് സംബന്ധിച്ച് സ്ഥിരീകരണമില്ലെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു.
റാന്നി തെക്കേപ്പുറത്ത് കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ റബ്ബര്‍ ടാപ്പിങ് തൊഴിലാളി മരിച്ചത്. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യമുണ്ടായിട്ടും വനം വകുപ്പ് നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
കാട്ടുപന്നിയുടെ ആക്രമണത്തെ തുടര്‍ന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അടിക്കാടുകള്‍ വെട്ടി വൃത്തിയാക്കി. റബ്ബര്‍ വിലയിടിവിനെ തുടര്‍ന്ന് റബ്ബര്‍ തോട്ടങ്ങളിലെ പ്രവൃത്തികള്‍ മന്ദീഭവിച്ചതാണ് ഇവിടങ്ങളില്‍ വന്യമൃഗങ്ങള്‍ താവളമടിക്കാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.