ഫ്രാങ്കോ മുളക്കല്‍ ഹാജരാക്കിയ തെളിവുകള്‍ വ്യാജം; അന്വേഷണസംഘം വീണ്ടും ജലന്ധറിലേക്ക് പോകും
|രേഖകളുടെ ഒറിജിനല്‍ പകര്‍പ്പ് ഹാജരാക്കാന്‍ ബിഷപ്പിന് സാധിച്ചില്ല. കോട്ടയം എസ്.പിക്ക് ബിഷപ്പ് നല്‍കിയ പരാതിയിലും വസ്തുതയില്ലെന്ന് കണ്ടെത്തി.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ സാഹചര്യത്തില്‍ ജലന്ധറിലെത്തി വീണ്ടും തെളിവെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫ്രാങ്കോ മുളക്കലിന് ലൈംഗിക ശേഷിയുണ്ടെന്ന പരിശോധനാഫലം അന്വേഷണസംഘത്തിന് ലഭിച്ചു.
കന്യാസ്ത്രീ നല്കിയ പരാതിയില്‍ നടക്കുന്ന കേസന്വേഷണത്തിന് ഏറെ ഗുണം ചെയ്യുന്ന റിപ്പോർട്ടാണ് പൊലീസിന് ലഭിച്ചത്. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ലൈംഗികശേഷി ഉണ്ടെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിൽ വ്യക്തമായി. മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം ഡോക്ടർ ജെയിംസ് കുട്ടിയാണ് അന്വേഷണസംഘത്തിന് പ്രാഥമിക റിപ്പോർട്ട് കൈമാറിയത്. ഇതോടൊപ്പം ബിഷപ്പ് ഹാജരാക്കിയ രേഖകള്‍ ഭൂരിഭാഗവും വ്യാജമാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ലൈംഗീകാരോപണം ഉയരുന്നതിന് മുന്‍പ് കന്യാസ്ത്രീക്കെതിരെ നടപടിയെടുത്തെന്ന് കാട്ടി ബിഷപ്പ് ഹാജരാക്കിയ രേഖകളടക്കമാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഒറിജിനല്‍ രേഖകള്‍ ഹാജരാക്കാതെ കോപ്പികള്‍ ഹാജരാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ഇതിനിടെ ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ മിഷണറീസ് ഓഫ് ജീസസ് പി.ആർ.ഒ സിസ്റ്റർ അമലക്ക് കുറവിലങ്ങാട് പൊലീസ് നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളിൽ ഹാജരാകാനാണ് നോട്ടീസ്. അറസ്റ്റിലായതോടെ കൂടുതൽ വൈദികരും കന്യാസ്ത്രീകളും ബിഷപ്പിനെതിരെ മൊഴി നൽകുമെന്ന് അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടും ജലന്ധറിൽ പോയി മൊഴിയെടുക്കാൻ ആണ് സംഘത്തിന്റെ സംഘത്തിന്റെ തീരുമാനം.