ശ്രീധരൻ പിള്ള പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ ബി.ജെ.പി സംസ്ഥാന കമ്മിറ്റി നാളെ
|വ്യാഴാഴ്ച നടക്കുന്ന ബി.ജെ.പി സംസ്ഥാന കൌൺസിലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കും. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ച യോഗത്തിൽ നടക്കും.
പി.എസ് ശ്രീധരൻ പിള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്റായതിന് ശേഷമുള്ള ബി.ജെ.പിയുടെ ആദ്യ സംസ്ഥാന കമ്മിറ്റി നാളെ കൊച്ചിയിൽ നടക്കും. വ്യാഴാഴ്ച നടക്കുന്ന സംസ്ഥാന കൌൺസിലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കും. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ച യോഗത്തിൽ നടക്കും. കൊച്ചിയിലാണ് യോഗം ചേരുന്നത്.
നീണ്ട ഇടവേളക്ക് ശേഷമാണ് സംസ്ഥാന ബി.ജെ.പി യോഗം ചേരുന്നത്. കുമ്മനം രാജശേഖരൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം പുതിയ പ്രസിഡന്റ് വരും വരെ മാസങ്ങളോളം സംസ്ഥാന കമ്മിറ്റി ചേർന്നിരുന്നില്ല. ശ്രീധരൻ പിള്ള പ്രസിഡന്റ് ആയി ചുമതലയേറ്റെങ്കിലും ഭാരവാഹികളെ നിശ്ചയിക്കാൻ വൈകിയതോടെ യോഗം വീണ്ടും നീളുകയായിരുന്നു. ഗ്രൂപ്പിനതീതമായി ഭാരവാഹികൾ വരണമെന്ന് പുതിയ പ്രസിഡന്റ് ആഗ്രഹിച്ചെങ്കിലും പഴയ കമ്മറ്റിയിൽ കാര്യമായ ഒരു മാറ്റവും ഉണ്ടായില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് ബി.ജെ.പിയെ സംഘടനാപരമായി ശക്തിപ്പെടുത്തണമെന്ന കേന്ദ്ര നിർദ്ദേശം ഉണ്ടായിട്ടും കേരളത്തിൽ ഒരനക്കവും ഉണ്ടായില്ല. അതിനാൽ സംസ്ഥാനത്തെ സംഘടനാ ശാക്തീകരണമാകും മുഖ്യ അജണ്ട.
സംസ്ഥാനത്തെ സാമുദായിക സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ചയുണ്ടാകും. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ചില സമുദായ നേതൃത്വങ്ങളുമായി നേരത്തേ തന്നെ ആശയ വിനിമയം നടത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് സംഘപരിവാർ സംഘടനകളെ സജ്ജമാക്കുന്നതിനായി ആർ.എസ്.എസ് നേതൃത്വത്തിൽ തൃശൂരിൽ രണ്ട് ദിവസത്തെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലൂടെ ആർ.എസ്.എസ് മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങളും ബി.ജെ.പി ചർച്ച ചെയ്യും. എൻ.ഡി.എ മുന്നണി ശക്തിപ്പെടുത്തുന്ന കാര്യവും യോഗത്തിൽ ഉയർന്ന് വരും. നാളെ രാവിലെ ഭാരവാഹികളുടെ യോഗവും തുടർന്ന് സംസ്ഥാന കോർ കമ്മിറ്റിയുമാണ് നടക്കുന്നത്. രണ്ടാം ദിവസമാണ് സംസ്ഥാന കൌൺസിൽ യോഗം ചേരുന്നത്. ഈ യോഗത്തിലാണ് കേന്ദ്രമന്ത്രി രാജ്നാഥ് സിങിന്റെ സാന്നിധ്യമുണ്ടാകുക.