പി.കെ ശശിക്കെതിരായ ആരോപണം: മൊഴിയെടുക്കൽ അവസാനിച്ചു
|സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്-സംസ്ഥാന സമിതി യോഗങ്ങൾ ചേരുന്നതിന് മുൻപായി കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും.
പി.കെ ശശിക്കെതിരായ ലൈംഗികപീഡന ആരോപണത്തില്‍ സി.പി.എം അന്വേഷണ കമ്മീഷന്റെ രണ്ടുദിവസത്തെ മൊഴിയെടുക്കല്‍ അവസാനിച്ചു. വനിതാ നേതാവിന്റെ പരാതി സംബന്ധിച്ച വാർത്ത പുറത്തായതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഭൂരിഭാഗം പേരും മൊഴി നൽകിയതായാണ് സൂചന. സംസ്ഥാന സമിതിയോഗത്തിന് മുൻപായി കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും.
സംഭവത്തിന്റെ സത്യാവസ്ഥ അറിയാമെന്ന് പി.കെ ശശിയും പരാതിക്കാരിയും കമ്മീഷനു മുൻപിൽ പരാമർശിച്ച ആളുകളിൽ നിന്നാണ് മൊഴിയെടുത്തത്. ആദ്യദിവസം ആറുപേരുടെ മൊഴി രേഖപ്പെടുത്തി. രണ്ടാംദിവസമാണ് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.എം ശശി, സെക്രട്ടറി കെ. പ്രേംകുമാര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയത്.
മൊഴി നൽകിയവരിൽ ഭൂരിഭാഗം പേരും ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് കമ്മീഷനോട് പറഞ്ഞതായാണ് സൂചന. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ ഡി.വൈ.എഫ്.ഐയ്ക്ക് പൊതുനിലപാടുണ്ടെന്നും അതില്‍ ഉറച്ചു നിന്നുള്ള സമീപനമാണ് സ്വീകരിക്കുകയെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. പ്രേംകുമാര്‍ പ്രതികരിച്ചു. പരാതിക്കാരിയെ ഡി.വൈ.എഫ്.ഐ കൈവിടുന്നുവെന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രേംകുമാര്‍ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്-സംസ്ഥാന സമിതി യോഗങ്ങൾ ചേരുന്നതിന് മുൻപായി കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും.