കരാര്‍ നല്കുന്ന കാര്യത്തില്‍ ദേശീയ പാത അതോറിറ്റിയുടേത് ഗുരുതര കൃത്യവിലോപം; ജി.സുധാകരന്
|മണ്ണുത്തി- വടക്കഞ്ചേരി ദേശീയ പാതയുടെ പണി പൂര്‍ത്തിയാവാത്തതിന്റെ പ്രധാന കാരണം ഈ അലംഭാവമാണെന്ന് മന്ത്രി പറഞ്ഞു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്കുന്ന കാര്യത്തില്‍ ദേശീയ പാത അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതര കൃത്യവിലോപമാണ് ഉണ്ടാകുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. മണ്ണുത്തി- വടക്കഞ്ചേരി ദേശീയ പാതയുടെ പണി പൂര്‍ത്തിയാവാത്തതിന്റെ പ്രധാന കാരണം ഈ അലംഭാവമാണെന്ന് മന്ത്രി പറഞ്ഞു.
മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാണ്. വിവിധ സംഘടനകള്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലാണ്. ഈ സാഹചര്യത്തിലാണ് പൊതു മരാമത്ത് മന്ത്രി സ്ഥലത്ത് സന്ദര്‍ശനം നടത്തിയത്. നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും കരാറെടുത്ത കമ്പനിയുടെ പ്രതിനിധികളുടെയും യോഗം മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നിരുന്നു. ഇതിന് ശേഷമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. രണ്ടാഴ്ചക്കുള്ളില്‍ റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനി ഉറപ്പ് നല്കിയുണ്ടെന്നും എന്നാല്‍ ഇത് പാലിക്കപ്പെടുമെന്ന് ഉറപ്പ് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ജനുവരി മാസത്തില്‍ കുതിരാനിലെ രണ്ട് തുരങ്കങ്ങളും ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്നും കരാര്‍ കമ്പനി മന്ത്രിയെ അറിയിച്ചിട്ടുണ്ട്. മന്ത്രി സി.രവീന്ദ്രനാഥ്, പി.കെ ബിജു എം.പി, എം.കെ രാജന് എം.എല്‍.എ എന്നിവര്‍ പൊതുമരാമത്ത് മന്ത്രിക്കൊപ്പമുണ്ടായിരുന്നു.