ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി
|മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റ് നിയമവിരുദ്ധവും മൌലികാവകാശങ്ങളുടെ ലംഘനവുമെന്ന് ബിഷപ്പ്. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയെന്ന് സര്‍ക്കാര്‍
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി.
കന്യാസ്ത്രീക്കെതിരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന പരാതിയില്‍ നടപടിയെടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നല്‍കാനുള്ള കാരണമെന്നാണ് ബിഷപ്പിന്റെ വാദം. പൊലീസിന് നല്‍കിയ ആദ്യ മൊഴിയില്‍ ലൈംഗികാരോപണമില്ലെന്നും ഹൈക്കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇരിക്കുമ്പോഴുള്ള അറസ്റ്റ് നിയമവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും കന്യാസ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ബിഷപ്പ് ജാമ്യ ഹര്‍ജിയില്‍ വാദിച്ചിരുന്നു.
സഭയിൽ ഉയർന്ന പദവി വഹിച്ചിരുന്നയാളാണ് പരാതിക്കാരിയെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പീഡനം നടന്നുവെന്ന് ആരോപിക്കുന്നതിന്റെ അടുത്ത ദിവസം നടന്ന കന്യാസ്ത്രീയുടെ സഹോദരിയുടെ മകന്റെ ആദ്യ കുർബാന ചടങ്ങിന്റെ വീഡിയോ ബിഷപ് കോടതിയിൽ ഹാജരാക്കി. കന്യാസ്ത്രീയുടേത് വ്യാജ പരാതിയാണെന്ന് വാദിക്കാനാണ് വീഡിയോ ഹാജരാക്കിയത് ചടങ്ങിൽ ഫ്രാങ്കോ പങ്കെടുത്തിരുന്നു. നാലു വർഷം മുമ്പ് നടന്നുവെന്ന് പറയുന്ന പീഡനത്തിൽ മെഡിക്കൽ റിപ്പോർട്ടിന്റെ സാധുതയെന്തെന്ന് പ്രതിഭാഗം വാദിച്ചു.
അന്വേഷണം നടക്കുന്നുവെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷൻ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. അന്വേഷണം നിർണായക ഘട്ടത്തിലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍. 120 ലധികം പേജ് ഉള്ള മൊഴിയാണ് കന്യാസ്ത്രീ മജിസ്ട്രേറ്റിന് നല്‍കിയത്. ബിഷപ്പിന്റെ ഭീഷണി കൊണ്ടാണ് ആദ്യം ഒന്നും പുറത്തു പറയാതിരുന്നതെന്ന് മൊഴിയിലുണ്ട്..