സാലറി ചലഞ്ചിന് വിസമ്മതപത്രം നല്‍കി: പേരൂക്കട എസ്.എ.പി ക്യാമ്പിലെ ഒന്‍പത് പേരെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി
|നടപടി ട്രെയ്നികളുടെ സ്ഥലംമാറ്റത്തിനൊപ്പം. സ്വാഭാവിക തീരുമാനമെന്ന് വിശദീകരണം.
സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയെന്ന് ആരോപണം. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ 9 ഹവില്‍ദാര്‍മാരെ മലപ്പുറം പാണ്ടിക്കാട് ആര്‍.ആര്‍.എഫിലേക്കാണ് സ്ഥലം മാറ്റിയത്. സ്ഥലംമാറ്റം പ്രതികാരമല്ലെന്നും സ്വാഭാവിക നടപടി മാത്രമാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.
പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ നിന്നും പാണ്ടിക്കാട് ആര്‍.ആര്‍.എഫ് ക്യാമ്പിലേക്കുളളവരുടെ സ്ഥലമാറ്റ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. ക്യാമ്പിലെ ജൂനിയര്‍ മോസ്റ്റായല്‍ പൊലീസുകാരെയാണ് ആര്‍.ആര്‍.എഫിലേക്ക് സ്ഥലം മാറ്റാറെന്നാണ് പൊലീസുകാര്‍ പറയുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി 9 ഹവില്‍ദാര്‍മാരെകൂടി സ്ഥലംമാറ്റ പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഈ 9 പേരും സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കിയവരാണ്. വിസമ്മതപത്രം നല്‍കിയതിലെ പ്രതികാര നടപടിയായാണ് സ്ഥലം മാറ്റത്തെ പൊലീസുകാര്‍ കാണുന്നത്. സ്ഥലംമാറ്റം സ്വാഭാവിക നടപടിയെന്ന വിശദീകരണമാണ് എസ്.എ.പി ബറ്റാലിന്റെ ചുമതലയുള്ള ഡി.ഐ.ജി ഷെഫിന്‍ അഹമ്മദ് നല്‍കുന്നത്.
സെക്രട്ടറിയേറ്റിന്റെ ചുമതല കൂടി ആര്‍.ആര്‍.എഫിന് നല്‍കാനുള്ള തീരുമാനമുണ്ട്. അതിനാലാണ് പരിചയസമ്പന്നരെകൂടി സ്ഥലം മാറ്റിയതെന്നാണ് ഡി.ഐ.ജി പറയുന്നത്. എന്നാല്‍ വിസമ്മതപത്രം നല്‍കിയ പരിചയസമ്പന്നര്‍ മാത്രം എങ്ങനെ സ്ഥലംമാറ്റ പട്ടികയില്‍ ഉള്‍പ്പെട്ടു എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നത് പൊലീസ് വകുപ്പിലാണ്. സാലറി ചലഞ്ചിന് പ്രേരിപ്പിച്ചുകൊണ്ട് കാസര്‍കോട് എസ്.പി ഇറക്കിയ സര്‍ക്കുലറും വിവാദമായിരുന്നു.