ഭിന്നശേഷിക്കാര്‍ക്കായി കൊല്ലത്ത് തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു
|നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന്റെ കൈവല്യപദ്ധതിയുടെ ഭാഗമായായിരുന്നു പരിശീലനം.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ട് കൊല്ലത്ത് തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന്റെ കൈവല്യപദ്ധതിയുടെ ഭാഗമായായിരുന്നു പരിശീലനം. സൌജന്യ പരിശീലനത്തില്‍ ഭിന്നശേഷിയുള്ള അന്പതോളം പേര്‍ പങ്കെടുത്തു.
ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടി നടത്തിയ പരിശീലന പരിപാടിയില്‍ തൊഴില്‍ പരിശീലനം നല്‍കിയത് ഭിന്നശേഷിയുള്ളവര്‍ തന്നെയാണ് എന്നതാണ് പരിപാടിയെ വ്യത്യസ്തമാക്കിയത്. കുടനിര്‍മാണം, പേപ്പര്‍ബാഗ്, പേപ്പര്‍ പേന നിര്‍മാണം എന്നിവ പഠിക്കാനാണ് കൂടുതല്‍ ആളുകള്‍ താല്‍പര്യമെടുത്തത്. ആഭരണങ്ങള്‍, എല്‍ഇഡി ബള്‍ബ് നിര്‍മാണം എന്നിവക്കും പരിശീലനം നല്‍കി.
ഭിന്നശേഷിക്കാരെ തൊഴില്‍ പരിശീലനം നല്‍കി വരുമാനം കണ്ടെത്താന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡി ക്രോപ്സിന്റെ സഹകരണത്തോടെയായിരുന്നു പരിശീലന പരിപാടി. പരിശീലനത്തിനെത്തിയവര്‍ നിര്‍മിക്കുന്ന സാധനങ്ങള്‍ക്ക് വിപണി കണ്ടെത്താനും ഹാന്‍ഡി ക്രോപ്സ് സഹായിക്കും.