Kerala
തടഞ്ഞുവെച്ച ക്ഷേമപെന്‍ഷന്‍ അര്‍ഹരായ എല്ലാവര്‍ക്കും ലഭിക്കും: മീഡിയാ വണ്‍ ഇംപാക്ട്
Kerala

തടഞ്ഞുവെച്ച ക്ഷേമപെന്‍ഷന്‍ അര്‍ഹരായ എല്ലാവര്‍ക്കും ലഭിക്കും: മീഡിയാ വണ്‍ ഇംപാക്ട്

Web Desk
|
27 Sep 2018 6:29 AM GMT

സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ആനൂകൂല്യം നല്‍കുന്നതിന് വേണ്ടി 9,65,58,400 രൂപ ധനവകുപ്പ് അനുവദിച്ചു. പണം ഉടന്‍ നല്‍കണമെന്ന് പഞ്ചായത്ത് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം

മരിച്ചു പോയെന്നും, കാറുണ്ടെന്നുമുള്ള തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്ഷേമപെന്‍ഷനുകള്‍ തടഞ്ഞ് വെച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഇതിന് ആവശ്യമായ തുക ധനവകുപ്പ് അനുവദിച്ചു. അര്‍ഹരായവര്‍ ക്ഷേമ പെന്‍ഷന് പുറത്തായ വാര്‍ത്ത 'പെന്‍ഷന് അകാല ചരമ'മെന്ന പേരില്‍ മീഡിയാവണ്‍ പരമ്പരയാക്കിയിരുന്നു. മീഡിയാവണ്‍ ഇംപാക്ട്...

ഒരുപാട് പാവങ്ങളുടെ കണ്ണീരും സങ്കടവുമൊക്കെ പുറംലോകത്ത് എത്തിച്ചതിന് കാര്യമുണ്ടായി. ക്ഷേമ പെന്‍ഷനുകളില്‍ നിന്ന് ഒഴിവാക്കിയ അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ തടഞ്ഞ് വെക്കപ്പെട്ട പെന്‍ഷന്‍ നല്‍കാന്‍ 9,65,58,400 രൂപ പഞ്ചായത്ത് ഡയറക്ടര്‍ക്ക് ധനവകുപ്പ് അനുവദിച്ചു

തടഞ്ഞുവെച്ച വാര്‍ധക്യകാല-വികലാംഗ‍-വിധവാ പെന്‍ഷനുകള്‍ക്കും, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, 60 വയസ്സുകഴിഞ്ഞ അവിവാഹിതരായ സ്തീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ നല്‍കുന്നതിന് വേണ്ടി കോര്‍പ്പറേഷനുകള്‍ക്ക് 2,55,3800 രൂപ നല്‍കി. മുനിസിപ്പാലിറ്റികള്‍ക്ക് കൊടുത്തത് 1,77,8800 രൂപയാണ്. 5,32,241600 രൂപ പഞ്ചായത്തുകള്‍ക്കും അനുവദിച്ചു.

ബാങ്ക് അക്കൌണ്ട് വഴിയും സഹകരണ സംഘങ്ങള്‍ വഴിയും വീട്ടില്‍ പണമെത്തിക്കുന്ന രീതിയിലും ആനൂകുല്യങ്ങള്‍ ഉടന്‍ നല്‍കാന്‍ പഞ്ചായത്ത് ഡയറക്ട്രേറ്റിലെ ഡി.ബി.ടി സെല്ലിനെ ചുമതലപ്പെടുത്തിയ കാര്യവും ഉത്തരവിലുണ്ട്.

Related Tags :
Similar Posts