വയനാട്, വടകര മണ്ഡലങ്ങളില്‍ യു.ഡി.എഫിന് ഇനി പുതിയ സ്ഥാനാര്‍ഥികള്‍
|യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ വയനാട്ടില്‍ പകരക്കാരനെ കണ്ടെത്തുക കോണ്‍ഗ്രസിന് ബുദ്ധിമുട്ടുണ്ടാവില്ല. വടകരയില്‍ ആരെ മത്സരിപ്പിക്കുമെന്നതാണ് കോണ്‍ഗ്രസിനെ കുഴപ്പിക്കുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റും, എം ഐ ഷാനവാസ് വര്‍ക്കിംഗ് പ്രസിഡന്റുമായതോടെ വടകര, വയനാട് മണ്ഡലങ്ങളില്‍ യു.ഡി.എഫിന് പുതിയ സ്ഥാനാര്‍ത്ഥികള്‍ വരും. ആലപ്പുഴ എം.പിയായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വയനാട്ടില്‍ മത്സരിക്കാനുള്ള താത്പര്യം നേതാക്കളെ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിന്റേതടക്കമുള്ള പേരുകളാണ് വടകര മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്.
ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും അനൌദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട് കോണ്‍ഗ്രസ്. വയനാട്ടില്‍ എം.ഐ ഷാനവാസിന്റെ കാര്യത്തില്‍ മുസ്‍ലിം ലീഗിനും, കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും എതിര്‍പ്പുണ്ടായിരുന്നെങ്കിലും വടകരയില്‍ മുല്ലപ്പള്ളി അങ്ങനെ അല്ലായിരുന്നു.
യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ വയനാട്ടില്‍ പകരക്കാരനെ കണ്ടെത്തുക കോണ്‍ഗ്രസിന് ബുദ്ധിമുട്ടുണ്ടാവില്ല. ഇതുവരെ ചിത്രത്തിലില്ലായിരുന്ന കെ.സി വേണുഗോപാല്‍ ആലപ്പുഴ വിട്ട് വയനാട്ടിലെത്താനുള്ള സാധ്യതകളാണ് നിലവിലുള്ളത്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇറങ്ങിയ എം.എം ഹസനും വയനാട്ടില്‍ മത്സരിക്കാന്‍ താത്പര്യമുണ്ട്. ഷാനിമോള്‍ ഉസ്മാന്‍, ടി. സിദ്ദീഖ്, വി.വി പ്രകാശ് എന്നിവരും പരിഗണന പട്ടികയിലുള്ളവരാണ്.
വടകരയില്‍ ആരെ മത്സരിപ്പിക്കുമെന്നതാണ് കോണ്‍ഗ്രസിനെ കുഴപ്പിക്കുന്നത്. ടി സിദ്ദീഖിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍. കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ പേരും ഉയരുന്നുണ്ട്.
ശനിയാഴ്ചയാണ് വടകര മണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. വയനാട്ടിലേത് കഴിഞ്ഞ ദിവസം കഴിഞ്ഞു.