മടപ്പള്ളി കോളേജിലെ അക്രമം; സമഗ്ര അന്വേഷണം നടത്തും
|അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കോഴിക്കോട് വടകര മടപ്പള്ളി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ അക്രമിച്ച സംഭവം കോളീജിയേറ്റ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിക്കും.അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.കോളേജില്‍ ക്ലാസുകള്‍ പുനരാരംഭിക്കാനും ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചു.
മടപ്പള്ളി കോളേജില്‍ പെണ്‍കുട്ടികള്‍ അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ത്തത്.കോളേജില്‍ പെണ്‍കുട്ടികള്‍ അക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കും.കോളേജില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന ആരോപണമുള്‍പ്പെടെ അന്വേഷിക്കാനാണ് തീരുമാനം.
ഇതിനു പുറമേ അച്ചടക്ക സമിതി പരിഷ്കരിക്കാനും തീരുമാനമായി. നിലവിലെ അച്ചടക്ക സമിതി എടുത്ത തീരുമാനങ്ങള്‍ പുനപരിശോധിക്കും. കോളേജില്‍ സിസി ടിവികള്‍ സ്ഥാപിക്കും.എല്ലാ സംഘടനകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു വരുത്താനായി നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. കോളേജില്‍ സ്ഥിരമായി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തും. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം.അതേസമയം സി.പി.എം സര്‍വകക്ഷി യോഗത്തില്‍ നിന്നും വിട്ടു നിന്നു.