ശബരിമല വിധി നടപ്പിലാക്കാന്‍ വെല്ലുവിളികള്‍ ഏറെ...
|മാസപൂജ കാലയളവില്‍ പ്രതിദിനം 50000 മുതല്‍ 1 ലക്ഷം വരെയും മണ്ഡല കാലത്ത് 1 ലക്ഷം മുതല്‍ 3.5 ലക്ഷം വരെയും മകരവിളക്ക് സമയത്ത് 4 ലക്ഷം മുതല്‍ 5.5 ലക്ഷം വരെയും തീര്‍ഥാടകര്‍ എത്തുന്നതായാണ് കണക്ക്.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് സുപ്രിംകോടതി അനുമതി നല്‍കിയെങ്കിലും വിധി നടപ്പിലാക്കാന്‍ വെല്ലുവിളികള്‍ ഏറെയാണ്. ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെ സുരക്ഷയും അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കലും ഏറെ ശ്രമകരമായ ദൌത്യമാണ്. പ്രളയത്തില്‍ കനത്ത നാശനഷ്ടമുണ്ടായ പശ്ചാത്തലത്തില്‍ അധിക സൌകര്യങ്ങള്‍ ഒരുക്കുന്നത് അധികൃതര്‍ക്ക് തലവേദനയാകും.
മാസപൂജ കാലയളവില്‍ പ്രതിദിനം 50000 മുതല്‍ 1 ലക്ഷം വരെയും മണ്ഡല കാലത്ത് ഒരു ലക്ഷം മുതല്‍ മൂന്നര ലക്ഷം വരെയും മകരവിളക്ക് സമയത്ത് 4 ലക്ഷം മുതല്‍ 5.5 ലക്ഷം വരെയും തീര്‍ഥാടകര്‍ ശബരിമലയില്‍ എത്തുന്നതായാണ് കണക്ക്. നിലവിലെ സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്കുള്ള സൌകര്യങ്ങള്‍ അപര്യാപ്തമാണെന്ന് 2003 ല്‍ ഭൂട്ടാംസിങ് അധ്യക്ഷനായ പാര്‍ലമെന്ററി അക്കൌണ്ട്സ് കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ വനഭൂമി ആവശ്യമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ സ്ത്രീ തീര്‍ഥാടകര്‍ അധികമായെത്തുന്നത് ശബരിമലയിലെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കും.
ബേസ് ക്യാമ്പായ നിലയ്ക്കലില്‍ 2 ലക്ഷം തീര്‍ഥാടകര്‍ക്കുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുമെന്നാണ് പ്രഖ്യാപനം. പമ്പയില്‍ നിലവിലുള്ളത് 500 ശുചിമുറികള്‍. സ്ത്രീ തീര്‍ഥാടകര്‍ അധികമായെത്തുമ്പോള്‍ പമ്പ സ്നാനത്തിന് പ്രത്യേക ക്രമീകരണം വേണ്ടിവരും. കാനന പാതയിലടക്കം വനിത സുരക്ഷാ ഉദ്യോഗസ്ഥര്‍ വേണ്ടിവരും. തിരക്കുള്ള സമയത്ത് 60 മുതല്‍ 80 വരെ തീര്‍ഥാടകരാണ് പതിനെട്ടാം പടി കയറുന്നത്. പുരുഷ പൊലീസ് സേനാംഗങ്ങളെ പടികയറ്റത്തിനായി ചുമതലപ്പെടുത്തുന്നതും സങ്കീര്‍ണ പ്രശ്നമാകും. സന്നിധാനത്തും പരിസരത്തും താമസത്തിനും മറ്റും അധിക സൌകര്യം വേണ്ടിവരുന്നതും പരിഹരിക്കേണ്ട പ്രശ്നമാണ്.