ബ്രൂവറി അഴിമതി: ആരോപണത്തിലുറച്ച് പ്രതിപക്ഷം, തള്ളിക്കളഞ്ഞ് സര്‍ക്കാര്‍
|എക്സൈസ് മന്ത്രിക്ക് പുറമേ മുഖ്യമന്ത്രിക്കും, വ്യവസായ മന്ത്രിക്കും അഴിമതിയില്‍ പങ്കുണ്ടന്ന് പ്രതിപക്ഷ നേതാവ്. അനധികൃതമായി ഒന്നും നടന്നില്ലെന്ന നിലപാടില്‍ ഉറച്ച് എക്സൈസ് മന്ത്രി
ഒരു ഡിസ്റ്റലറിയും, മൂന്ന് ബ്രുവറികളും അനുവദിച്ച സംഭവത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് വീണ്ടും പ്രതിപക്ഷം. എക്സൈസ് മന്ത്രിക്ക് പുറമേ മുഖ്യമന്ത്രിക്കും, വ്യവസായ മന്ത്രിക്കും അഴിമതിയില്‍ പങ്കുണ്ടന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇന്നത്തെ ആരോപണം. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനേയും പ്രതിപക്ഷം സംശയത്തില്‍ നിര്‍ത്തുന്നു. അതേസമയം അനധികൃതമായി ഒന്നും നടന്നില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എക്സൈസ് മന്ത്രി.
ആദ്യം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തിയും, പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചുമാണ് രമേശ് ചെന്നിത്തല സര്‍ക്കാരിനെ കടന്നാക്രമിക്കുന്നത്. എറണാകുളത്തെ കിന്‍ഫ്രയുടെ സ്ഥലം ബ്രൂവറിക്ക് വിട്ടുനല്‍കിയതില്‍ വ്യവസായ വകുപ്പിനും പങ്കുണ്ടന്നാണ് നിലപാട്.
1999 മുതല്‍ നിര്‍ത്തിവെച്ചിരുന്ന ഡിസ്റ്റിലറി, ബ്രൂവറി ലൈസന്‍സുകള്‍ ഇപ്പോള്‍ എങ്ങനെ കൊടുക്കും എന്നത് മുതല്‍ കുടിവെളളക്ഷാമം നിനില്‍ക്കുന്ന പ്ലാച്ചിമടയില്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത് എന്ത് പരിശോധനയുടെ അടിസ്ഥാനത്തിലാണന്നത് വരെയുള്ള 10 ചോദ്യങ്ങള്‍ ചെന്നിത്തല എക്സൈസ് മന്ത്രിയോട് ചോദിച്ചിട്ടുണ്ട്. ചോദ്യങ്ങള്‍ക്കുള്ള മറുപടി പിന്നീടെന്ന നിലപാടിലാണ് ടി.പി രാമക്യഷ്ണന്‍.
ഇടപാടില്‍ ഋഷിരാജ് സിംഗ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടന്നാണ് പ്രതിപക്ഷ നിലപാട്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമപരമായ നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് യുഡിഎഫ്.