Kerala
പ്രളയദുരിതാശ്വാസം സി.പി.എം നേതാവ് അനര്‍ഹര്‍ക്ക് വിതരണം ചെയ്തതായി പരാതി
Kerala

പ്രളയദുരിതാശ്വാസം സി.പി.എം നേതാവ് അനര്‍ഹര്‍ക്ക് വിതരണം ചെയ്തതായി പരാതി

Web Desk
|
29 Sep 2018 3:01 AM GMT

വില്ലേജ് ഓഫീസറുടെ ഒത്താശയോടെയാണ് സി.പി.എം നേതാവ് സാധനങ്ങള്‍ വിതരണം ചെയ്തതെന്നും പരാതിയുണ്ട്.

പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ പ്രളയ ബാധിതര്‍ക്ക് വിതരണം നടത്തേണ്ട സാധന സാമഗ്രികള്‍ സി .പി എം നേതാവ് സ്വന്തം യൂണിയനിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അനധികൃതതമായി വിതരണം ചെയ്തതായി പരാതി. വില്ലേജ് ഓഫീസറുടെ ഒത്താശയോടെയാണ് സി.പി.എം നേതാവ് സാധനങ്ങള്‍ വിതരണം ചെയ്തതെന്നും പരാതിയുണ്ട്. തുടര്‍ന്ന് പട്ടാമ്പി വില്ലേജ് ഓഫീസറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ പരുവക്കടവിലാണ് ദുരിതാശ്വാസ സാധനങ്ങള്‍ സി.പി.എം നേതാവ് അനര്‍ഹരായ ആളുകള്‍ക്ക് വിതരണം ചെയ്തതായി പരാതി ഉയര്‍ന്നത്. കഴിഞ്ഞ ദിവസം പട്ടാമ്പി വില്ലേജ് ഓഫീസര്‍ നല്‍കിയ കത്തുമായി ചെന്ന് കുളപ്പുള്ളിയിലെ ദുരിതാശ്വാസ സാമഗ്രികളുടെ ഗോഡൗണില്‍ നിന്നും ഒരു ലോഡ് സാധനങ്ങള്‍ പട്ടാമ്പി പരുവക്കടവിലെ സി.പി.എം നേതാവ് സ്വന്തം വീട്ടിലേക്ക് കടത്തിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇതര സംസ്ഥന തൊഴിലാളി യൂണിയന്‍ ഭാരവാഹി കൂടിയായ നേതാവ് രാത്രി സ്വന്തം യൂണിയനിലെ തൊഴിലാളികളെ വീട്ടില്‍ വിളിച്ച് വരുത്തി പല വ്യജ്ഞന കിറ്റുകളും മറ്റും വിതരണം ചെയ്യുകയായിരുന്നുവെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. അധികമുള്ള കിറ്റുകള്‍ വില്പന നടത്തിയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

പ്രളയ ബാധിതര്‍ക്ക് വിതരണം ചെയ്യേണ്ട സാധനങ്ങള്‍ പ്രദേശത്തെ ജന പ്രതിനിധികളെ പോലും അറിയിക്കാതെ അനധികൃതമായി വിതരണം ചെയ്യാന്‍ ഒത്താശ ചെയ്തുവെന്നാരോപിച്ച് യു.ഡി.എഫ് പട്ടാമ്പി വില്ലേജ് ഓഫീസറെ ഉപരോധിച്ചു. വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പട്ടാമ്പി മുനിസിപ്പല്‍ കമ്മിറ്റി ജില്ലാ കലക്ടര്‍ക്കും ഒറ്റപ്പാലം ആര്‍.ഡി.ഓക്കും പരാതി നല്‍കിയിട്ടുണ്ട്.

Related Tags :
Similar Posts