Kerala
ബ്രൂവറി അഴിമതിയില്‍ സി.പി.എം നേതൃത്വത്തിന് പങ്കെന്ന് ചെന്നിത്തല; പാലക്കാട്ടെ ബ്രൂവറി അനുമതി റദ്ദാക്കണമെന്ന് വി.എസ് 
Kerala

ബ്രൂവറി അഴിമതിയില്‍ സി.പി.എം നേതൃത്വത്തിന് പങ്കെന്ന് ചെന്നിത്തല; പാലക്കാട്ടെ ബ്രൂവറി അനുമതി റദ്ദാക്കണമെന്ന് വി.എസ് 

Web Desk
|
1 Oct 2018 2:47 PM GMT

സി.പി.എം ഉന്നത നേതാവിന്റെ മകനാണ് കിൻഫ്ര ജനറല്‍ മാനേജര്‍. കിൻഫ്രയിൽ സ്ഥലം നൽകാൻ തീരുമാനമെടുത്തത് 48 മണിക്കൂറിനുള്ളിലാണ്. ഇക്കാര്യത്തിലുണ്ടായ അമിത വേഗം ആരുടെ താല്പര്യമാണെന്നും ചെന്നിത്തല

ബ്രൂവറി ഡിസ്റ്റലറി ഇടപാടില്‍ സി.പി.എം ഉന്നത നേതൃത്വത്തിന് ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിക്കായി കിന്‍ഫ്രയില്‍ സ്ഥലം അനുവദിച്ചത് സി.പി.എം നേതാവിന്‍റെ മകനാണ്. ബ്രൂവറി അഴിമതിയില്‍ വിജിലന്‍സ് അന്വഷണത്തിനുള്ള അനുമതി തേടി രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണറെയും കണ്ടു.

ബ്രൂവറി വിവാദത്തില്‍ സിപിഎം നേതൃത്വത്തെ കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് പ്രതിപക്ഷ നേതാവ് ഇന്ന് ചെയ്തത്. ബ്രൂവറി തുടങ്ങാനായി കിന്‍ഫ്രയില്‍ സ്ഥലം അനുവദിച്ച കിന്‍ഫ്ര പ്രൊജക്റ്റ് മാനേജറുടെ പാര്‍ട്ടി ബന്ധമാണ് ചെന്നിത്തല ആയുധമാക്കിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മദ്യം കൊണ്ടുവരാനുള്ള അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല സര്‍ക്കാരിന് കത്ത് നല്‍കി.

ബ്രൂവറി ഇടപാടിലെ അഴിമതി അന്വേഷണത്തിന് ആവശ്യമായ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഗവര്‍ണറെ കണ്ടു. കേന്ദ്ര വിജിലന്‍സ് നിയമത്തില്‍ വരുത്തിയ പുതിയ ഭേദഗതി അന്വേഷണത്തിന് തടസമാകാതിരിക്കാനാണ് ചെന്നിത്തലയുടെ ഈ നീക്കം.

അതിനിടെ പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത് പുനപ്പരിശോധിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് അനുവദിക്കാനാവില്ല. ഭൂഗര്‍ഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വന്‍തോതില്‍ ജലചൂഷണം നടത്തി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബിയര്‍ കമ്പനിക്ക് അനുമതി നല്‍കിയത് എന്നത് ആശങ്കാജനകമാണെന്നും വി.എസ് പറഞ്ഞു. പെപ്സി, കൊക്കക്കോള കമ്പനികള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ബ്രൂവറി അനുവദിച്ചതില്‍ ക്രമക്കേടില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് വ്യവസായമന്ത്രി ചെയ്തത്. ബ്രൂവറി ആരോപണത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദത്തിലാകുന്ന കാഴ്ചയാണ് ഇന്നും കണ്ടത്.

Similar Posts