ഡീസല്‍ വില കുതിക്കുന്നു: 1500ലധികം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി
|ദിനംപ്രതി കൂടുന്ന ഇന്ധന വില, സ്പെയര്‍ പാര്‍ട്സിന്റെ വിലവര്‍ധനവ്, ഇതിനു പുറമേ റോഡ് നികുതിയും. നടുവൊടിഞ്ഞ അവസ്ഥയിലാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം.
ഡീസല്‍ വില വര്‍ധനവും റോഡ് നികുതിയും താങ്ങാനാവാതെ സംസ്ഥാനത്തെ 1500ലധികം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി വെച്ചു. സെപ്റ്റംബര്‍ മാസം നികുതി അടക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്ന ബസുകളാണ് ഓട്ടം അവസാനിപ്പിച്ചത്. വിഷയത്തില്‍ ഇടപെടുമെന്ന് മന്ത്രി എ. കെ ശശീന്ദ്രന് പറഞ്ഞു.
ദിനംപ്രതി കൂടുന്ന ഇന്ധന വില, സ്പെയര്‍പാര്‍ട്സിന്റെ വിലവര്‍ധനവ്, ഇതിനു പുറമേ റോഡ് നികുതിയും. നടുവൊടിഞ്ഞ അവസ്ഥയിലാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം. നികുതി അടക്കുന്നതിനുള്ള കാലാവധി കഴിഞ്ഞ മാസം അവസാനിച്ച ബസുകളാണ് നഷ്ടം സഹിക്കാനാവാതെ താത്കാലികമായി ഓട്ടം അവസാനിപ്പിച്ചത്. മൂന്ന് മാസ കാലാവധിയിലാണ് സ്വകാര്യ ബസുകള്‍ റോഡ് നികുതി അടക്കുന്നത്. ഈയിനത്തില്‍ മാത്രം ചെലവ് 30000രൂപയിലധികം വരും. സര്‍വീസ് നിര്‍ത്തിവെക്കാന്‍ അനുവദിക്കണമെന്ന് കാട്ടി ആര്.ടി.ഓക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ റോഡ് നികുതി അടക്കേണ്ടതില്ല. ഇതിനെത്തുടര്‍ന്ന് 1500ലധികം ബസുകളാണ് ഇന്നു മുതല്‍ സര്‍വീസ് അവസാനിപ്പിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ മാത്രം ആയിരത്തോളം ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തി വെച്ചു.
സര്‍ക്കാര്‍ ഗൌരവമായാണ് വിഷയം കാണുന്നതെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന് പറഞ്ഞു.
കനത്ത നഷ്ടം മൂലം കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വീസ് വെട്ടിക്കുറച്ചത് യാത്രക്കാരെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഇതിനു പിന്നാലെ ദീര്‍ഘദൂര ബസ്സുകളുള്‍പ്പെടെ ഓട്ടമവസാനിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധിയാകും.