സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ഒരുക്കില്ല; ശുചിമുറികള്‍ക്ക് വേറെ നിറം നല്‍കും
|ശബരിമലയില്‍ സുപ്രീംകോടതി വിധി എങ്ങനെ നടപ്പാക്കാം എന്ന് തീരുമാനിക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു
ശബരിമല സ്ത്രീപ്രവേശത്തിന് പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കി സര്‍ക്കാര്‍. സന്നിധാനത്തും നിലക്കലിലും കൂടുതല്‍ സംവിധാനം ഒരുക്കും. സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ഉണ്ടാകില്ലെന്നും ഉന്നതതലയോഗത്തിന് ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി
ശബരിമലയില്‍ സുപ്രീംകോടതി വിധി എങ്ങനെ നടപ്പാക്കാം എന്ന് തീരുമാനിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വംബോര്‍ഡ് അംഗങ്ങള്‍, ഡിജിപി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ദര്‍ശനത്തിന് ഡിജിറ്റല്ബുക്കിംഗ് ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. നിലക്കലില്‍ നിലവില്‍ ആറായിരം പേര്‍ക്കുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. അത് പതിനായിരം പേര്‍ക്ക് ഒരുക്കും സ്ത്രീകള്‍ക്ക് വിരി വക്കാന്‍ പ്രത്യേക സൌകര്യം ഉണ്ടാകും. സ്ത്രീകള്‍ക്കുള്ള ശുചിമുറികള്‍ക്ക് വേറെ നിറം നല്‍കും.
സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ഒരുക്കില്ല. പതിനെട്ടാം പടിയില്‍ ആവശ്യമെങ്കില്‍ സ്ത്രീ പൊലീസിനെ വിന്യസിക്കും. തിരക്ക് നിയന്ത്രിക്കാന്‍ ഭക്തര്‍ സന്നിധാനത്ത് താമസിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
റിവ്യൂ ഹരജി നല്കുന്ന കാര്യത്തില്‍ ദേവസ്വംബോര്‍ഡിന് തീരുമാനിക്കാം. സിപിഎം നയം നടപ്പാക്കാനല്ല ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.