കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിന് ജാമ്യമില്ല
|ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിഷപ്പിനെതിരെ പ്രഥമദൃഷ്ടാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. കേസിലെ അന്വേഷണം നിർണായക ഘട്ടത്തിലാണന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളടക്കമുള്ളവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുണ്ടെന്നും ഈ ഘട്ടത്തില്‍ ബിഷപ്പിന് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കുന്നതിന് ഇടയാക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലാണ്.
ജാമ്യാപേക്ഷയുമായി പ്രതി കോടതിയെ സമീപിച്ചത് വളരെ നേരത്തെയാണെന്നും കോടതി ചൂണ്ടി കാട്ടി. അറസ്റ്റിനു ശേഷവും അന്വേഷണം പുരോഗമിക്കുകയാണ്. കേസ് ഡയറിയും തെളിവുകളും ഹാജരാക്കിയിരുന്നു. ഇത് വ്യക്തമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതുള്‍പ്പെടെ ബിഷപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തിൽ ജാമ്യമനുവദിക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
ബലാത്സംഗ കേസ് ആയതിനാൽ കേസിന്റെ വിശദാംശങ്ങളിലേക്ക് ഈ ഘട്ടത്തിൽ കടക്കുന്നില്ലെന്നും മജിസ്ട്രേറ്റിനു മുന്നിൽ കന്യാസ്ത്രീ കൊടുത്ത രഹസ്യമൊഴിയിൽ ബിഷപ്പിനു എതിരായ തെളിവുണ്ടെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യപേക്ഷ തള്ളിയത്. കന്യാസ്ത്രീക്കെതിരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന പരാതിയില്‍ നടപടിയെടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നല്‍കാനുള്ള കാരണമെന്നായിരുന്നു ബിഷപ്പിന്റെ വാദം.