Kerala
എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാന്‍ അപേക്ഷ സ്വീകരിച്ചത് മുഖ്യമന്ത്രി നേരിട്ട്: രേഖകള്‍ മീഡിയ വണിന്
Kerala

എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാന്‍ അപേക്ഷ സ്വീകരിച്ചത് മുഖ്യമന്ത്രി നേരിട്ട്: രേഖകള്‍ മീഡിയ വണിന്

Web Desk
|
3 Oct 2018 7:40 AM GMT

കുടിവെള്ളക്ഷാമം രൂക്ഷമായ പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങുന്നതിനുള്ള അപേക്ഷ സ്വീകരിച്ചത് മുഖ്യമന്ത്രി നേരിട്ട്. സാധാരണ രീതിയില്‍ എക്സൈസ് കമ്മീഷണറാണ് ഇത്തരം അപേക്ഷകള്‍ സ്വീകരിക്കേണ്ടത്.

പാലക്കാട് എലപ്പുളളിയിൽ ബ്രൂവറി ആരംഭിക്കുന്നതിന് അപേക്ഷ നൽകിയത് മുഖ്യമന്ത്രിക്ക് നേരിട്ടെന്ന് രേഖകൾ. അപ്പോളോ ഡിസ്റ്റലറീസ് ഉടമ എം.പി പുരുഷോത്തമനാണ് മുഖ്യമന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയത്. എക്സൈസ് കമ്മീഷണർക്ക് നൽകേണ്ടതിന് പകരമായാണ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്. അതേസമയം അപേക്ഷ നേരിട്ട് മുഖ്യമന്ത്രിക്ക് നൽകിയതിൽ പ്രശ്നമില്ലെന്നായിരുന്നു പിണറായി വിജയൻറെ പ്രതികരണം.

സംസ്ഥാനത്ത് പുതിയ ബിയർ നിർമ്മാണശാല ആരംഭിക്കണമെങ്കിൽ എക്സൈസ് കമ്മീഷണർക്ക് നേരിട്ട് അപേക്ഷ നൽകുന്നതാണ് പതിവ്. എന്നാൽ പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി ആരംഭിക്കാനുളള അപേക്ഷ അപ്പോളോ ഡിസ്റ്റലറീസ് ഉടമ എം.പി പുരുഷോത്തമൻ നൽകിയത് മുഖ്യമന്ത്രിക്ക് നേരിട്ടാണ്. മുഖ്യമന്ത്രിക്ക് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ആവശ്യം പരിഗണിക്കാമെന്ന് കാണിച്ച് എക്സൈസ് കമ്മീഷണർ റിപ്പോർട്ട് നൽകുകയും ചെയ്തു.

നേരത്തെ മറ്റ് രണ്ട് ബ്രൂവറികൾ തുടങ്ങാനുളള അപേക്ഷയിൽ പ്രദേശത്തെ പരിസ്ഥി, ജല ലഭ്യത ഉൾപ്പെടെയുളള കാര്യങ്ങൾ പരിഗണിച്ചായിരുന്നു എക്സൈസ് കമ്മീഷണർ അനുമതി നൽകിയിരുന്നത്. എന്നാൽ എലപ്പുളളിയിലാകട്ടെ മദ്യ ഉത്പാദന രംഗത്ത് കമ്പനിക്ക് മുൻപരിചയമുണ്ടെന്നും കമ്പനിയുടെ കൈവശം കരഭൂമിയുണ്ടെന്നും മാത്രമാണ് റിപ്പോർട്ടിൽ പരാമർശമുളളത്. പരിസ്ഥി ആഘാത പ്രശ്നങ്ങളോ, ജല ലഭ്യതയോ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. 99ലെ ഉത്തരവ് ബ്രൂവറികൾക്ക് ബാധകമല്ലെന്നും പുതിയ ബ്രൂവറി സർക്കാറിന് അധിക വരുമാനമുണ്ടാക്കുമെന്നും റിപ്പോർട്ടിലുണ്ട്.

സംസ്ഥാനത്ത് മദ്യനിര്‍മ്മാണ യൂണിറ്റുകള്‍ അനുവദിക്കുന്നതിന് 1999 ലെ ഉത്തരവ് തടസ്സമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തിനിടെ വിശദീകരിച്ചു‍. 99 ലെ ഉത്തരവ് ആ കാലത്തെ അപേക്ഷകള്‍ക്ക് മാത്രമാണ് ബാധകം. ബ്രൂവറി യൂണിറ്റുകള്‍ അനുവദിക്കുന്നതില്‍ നാളിത് വരെ പത്രപരസ്യം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഥാപനം തുടങ്ങാനാവശ്യമായ സൌകര്യമില്ലെന്ന് വിവിധ വകുപ്പുകളുടെ പരിശോധനയില്‍ കണ്ടെത്തിയാല്‍ അനുമതി കിട്ടിയ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Similar Posts