Kerala
കോട്ടത്തറ പഞ്ചായത്തിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്
Kerala

കോട്ടത്തറ പഞ്ചായത്തിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

ജോസ് പ്രസാദ്
|
3 Oct 2018 2:40 AM GMT

പ്രക്ഷോഭത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്നലെ വൈകിട്ട് കേരള കര്‍ഷക മുന്നണിയുടെ നേതൃത്വത്തില്‍ കര്‍ഷക സമരാഗ്നി എന്ന പേരില്‍ കര്‍ഷക സംഗമം സംഘടിപ്പിച്ചു

വയനാട് ജില്ലയില്‍ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ കെടുതികള്‍ നേരിട്ട പഞ്ചായത്തുകളിലൊന്നായ കോട്ടത്തറ പഞ്ചായത്തിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. പ്രക്ഷോഭത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്നലെ വൈകിട്ട് കേരള കര്‍ഷക മുന്നണിയുടെ നേതൃത്വത്തില്‍ കര്‍ഷക സമരാഗ്നി എന്ന പേരില്‍ കര്‍ഷക സംഗമം സംഘടിപ്പിച്ചു.

പ്രളയത്തെ തുടര്‍ന്ന് കോട്ടത്തറ പഞ്ചായത്തിലെ കാര്‍ഷിക മേഖല ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. കര്‍ഷകര്‍ ചെറിയ രീതിയില്‍ കൃഷി പുനരാരംഭിച്ചെങ്കിലും അതിജീവനത്തിനായി വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കൃഷി തകര്‍ന്നതോടൊപ്പം കടക്കെണിയും കര്‍ഷകരെ പ്രതിസന്ധിയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതി തള്ളുക, പലിശ രഹിത വായ്പ അനുവദിക്കുക, ക്ഷീര കര്‍ഷകര്‍ക്ക് കന്നുകാലികളെയും കാലീത്തീറ്റയും സൌജന്യമായി നല്‍കുക, കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ ധനസഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ സഹായം ലഭിച്ചിലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു.

Similar Posts