പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ടി.എന്‍ ജോയിയുടെ മൃതദേഹം വീട്ടു വളപ്പില്‍ സംസ്കരിച്ചു
|ജീവിതം മുഴുവന്‍ പ്രതിഷേധമാക്കിയ ടി.എന്‍ ജോയി എന്ന നജ്മല്‍ ബാബുവിന് ഏറ്റവുമിണങ്ങുന്ന അന്ത്യാഞ്ജലിയായി മാറി ആ പ്രതിഷേധം
ഇന്നലെ അന്തരിച്ച മുൻ നക്സലൈറ്റ് നേതാവും സാമൂഹ്യ പ്രവർത്തകനുമായ ടി.എൻ ജോയിയുടെ മൃതദേഹം സംസ്കരിച്ചു. സഹോദരന്റെ വീട്ടു വളപ്പിലാണ് ജോയിയെ സംസ്കരിച്ചത്. ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ തന്നെ കബറടക്കണമെന്ന ജോയിയുടെ അന്ത്യാഭിലാഷം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കള്‍ പ്രതിഷേധിച്ചെങ്കിലും ബന്ധുക്കള്‍ അത് പരിഗണിച്ചില്ല.
കഴിഞ്ഞ ദിവസം മരിച്ച ജോയിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ സഹോദരന്റെ വീട്ടില്‍നിന്ന് ഹെൽത്ത് കെയർ കെട്ടിടത്തിലെത്തിച്ചു. ജോയ് വര്‍ഷങ്ങളോളം താമസിച്ച ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കാൻ വന്‍ ജനാവലിയാണ് ഒഴുകെയെത്തിയത്. ശേഷം വൈകീട്ട് മൂന്നരയോടെ കൊടുങ്ങല്ലൂർ പോലീസ് മൈതാനിയിൽ പൊതുദർശനത്തിന് വെച്ചു.
വീട്ടുവളപ്പില്‍ സംസ്കരിക്കണമെന്ന ബന്ധുക്കളുടെ തീരുമാനം വലിയ പ്രതിഷേധത്തിനിടയാക്കി. ഇസ്ലാം മതം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ച ടി.എന്‍ ജോയി, ഖബറടക്കം ചേരമാന്‍ ജുമാ മസ്ജിദില്‍ വേണമെന്ന ആഗ്രഹം രേഖാമൂലം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇത് നടപ്പാക്കണമെന്ന സുഹൃത്തുക്കളുടെ ആവശ്യമാണ് പ്രതിഷേധത്തിനിടയാക്കിയത്. സുഹൃത്തുക്കള്‍ കുടുംബവുമായി നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും കുടുംബം വഴങ്ങിയില്ല.
നിഷേധവും പ്രതിഷേധവും കൊണ്ട് കേരളത്തിന്റെ വിപ്ലവ മണ്ണ് ചുവപ്പിച്ച പോരാളി വൈകിട്ട് അഞ്ചരക്ക് സഹോദരന്റെ വീട്ടു വളപ്പിലെ ചിതയിൽ എരിഞ്ഞു. അപ്പോഴും ജോയിയുടെ അന്ത്യാഭിലാഷം സഫലമാക്കാനുള്ള പ്രതിഷേധങ്ങള്‍ അവസാനിച്ചിരുന്നില്ല. ജീവിതം മുഴുവന്‍ പ്രതിഷേധമാക്കിയ ടി.എന്‍ ജോയി എന്ന നജ്മല്‍ ബാബുവിന് ഏറ്റവുമിണങ്ങുന്ന അന്ത്യാഞ്ജലിയായി മാറി ആ പ്രതിഷേധം.