എന്നെ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്കരിക്കാന്‍ കഴിയുമോ? 2013 ല്‍ ടി.എന്‍ ജോയ് എഴുതിയ കത്ത്
|‘’നോക്കൂ! മൌലവി, ജനനം ‘’തിരഞ്ഞെടുക്കുവാന്‍’’ നമുക്ക് അവസരം ലഭിക്കുന്നില്ല. മരണവും മരണാനന്തരവുമെങ്കിലും നമ്മുടെ ഇഷ്ടത്തിന് നടക്കുന്നതല്ലേ ശരി?’’
മരിച്ചാല്‍ തന്നെ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്കരിക്കണമെന്നായിരുന്നു ടി.എന്‍ ജോയ് ആഗ്രഹിച്ചിരുന്നത്. ആ ആഗ്രഹം പ്രകടിപ്പിച്ച് 2013 ല്‍ അദ്ദേഹം സുലൈമാന്‍ മൌലവിക്ക് ഒരു കത്ത് എഴുതിയിരുന്നു. ജനനം തിരഞ്ഞെടുക്കാന്‍ നമുക്ക് അവസരം ലഭിക്കുന്നില്ല, മരണവും മരണാനന്തരവും നമ്മുടെ ഇഷ്ടത്തിന് നടക്കുന്നതല്ലേ ശരി എന്ന് അദ്ദേഹം കത്തിലൂടെ ചോദിക്കുന്നു.
ബാബറി പള്ളി തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം സുഹൃത്തുക്കളുടെ സമുദായം മാത്രം സഹിക്കുന്ന വിവേചനങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണെന്നും ഇതിനെതിരെ മുസ്‍ലിം സാഹോദര്യങ്ങളുടെ പ്രതിഷേധത്തില്‍ താന്‍ അവരോടൊപ്പമാണെന്നും അതുകൊണ്ടുതന്നെ മുസ്‍ലിം സമുദായത്തിലെ അനേകരോടൊപ്പം, എന്റെ ഭൌതിക ശരീരവും മറവുചെയ്യപ്പെടണമെന്നാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍ നക്‌സലൈറ്റ് നേതാവു കൂടിയായിരുന്ന ടി.എന്‍ ജോയ് ഇന്നലെയാണ് മരിച്ചത്. 69 വയസായിരുന്നു. സ്വദേശമായ കൊടുങ്ങല്ലൂരായിരുന്നു അന്ത്യം. സമീപകാലത്ത് മതംമാറിയ ടി.എന്‍ ജോയ് നജ്മല്‍ ബാബു എന്ന പേര് സ്വീകരിച്ചിരുന്നു. അവിഭക്ത സി.പി.ഐ.എം.എല്ലിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. അവിവാഹിതനാണ്.
കേരളത്തിൽ നക്സൽ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ച ടി.എൻ ജോയ്, ദീർഘനാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു. കൊടുങ്ങല്ലൂരിലെ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകരിലൊരാളാണ്. ഏതാനും വർഷം മുമ്പ് ഇസ്‌ലാം മതം സ്വീകരിച്ച ടി.എൻ ജോയ്, നജ്മൽ ബാബു എന്ന പേരിലാണറിയപ്പെട്ടിരുന്നത്. കൊടുങ്ങല്ലൂരിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് കുടുംബമായ തൈവാലത്ത് വീട്ടിൽ നീലകണ്ഠദാസിന്റെയും ദേവയാനിയുടെയും മകനാണ്.
ടി എന്‍ ജോയ് എഴുതിയ കത്തിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട സുലൈമാന്‍ മൌലവിക്ക്,
വിചിത്രമെന്ന് തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്. ഞാനൊരു വിശ്വാസിയൊന്നുമല്ല. വിശ്വാസങ്ങളുടെ വൈവിധ്യഭംഗിയിലാണ് ഒരുപക്ഷേ, എന്റെ വിശ്വാസം.
ജീവിതത്തിലുടനീളം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എന്നും മുസ്‍ലിംകളായിരുന്നു- ഇപ്പോഴും!
ഞാന്‍ മരിക്കുമ്പോള്‍ എന്നെ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്കരിക്കാന്‍ കഴിയുമോ?
നോക്കൂ! മൌലവി, ജനനം ''തിരഞ്ഞെടുക്കുവാന്‍'' നമുക്ക് അവസരം ലഭിക്കുന്നില്ല.
മരണവും മരണാനന്തരവുമെങ്കിലും നമ്മുടെ ഇഷ്ടത്തിന് നടക്കുന്നതല്ലേ ശരി?
എന്റെ ഈ അത്യാഗ്രഹത്തിന്, മതപരമായ ന്യായങ്ങള്‍ കണ്ടെത്തുവാന്‍ പണ്ഡിതനായ നിങ്ങള്‍ക്ക് കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.
ഇങ്ങിനെ ഒരു ജോയിയുടെ സൃഷ്ടികൊണ്ട് കാരുണ്യവാനായ ദൈവം എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവില്ലേ?
ജനിച്ച ഈഴവ ജാതിയുടെ ജാതിബോധം തീണ്ടാതിരിക്കുവാനാണ്, അച്ഛന്‍ എന്നെ മടിയില്‍ കിടത്ത് അന്ന് ''ജോയ്'' എന്ന പേരിട്ടത്.
ബാബറി പള്ളി തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം എന്റെ സുഹൃത്തുക്കളുടെ സമുദായം ''മാത്രം'' സഹിക്കുന്ന വിവേചനങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണ്. '
ഇതിനെതിരെ ''മുസ്‍ലിം സാഹോദര്യങ്ങളുടെ'' പ്രതിഷേധത്തില്‍ ഞാന്‍ അവരോടൊപ്പമാണ്.
മുസ്‍ലിം സമുദായത്തിലെ അനേകരോടൊപ്പം, എന്റെ ഭൌതിക ശരീരവും മറവുചെയ്യപ്പെടണമെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ പിന്നില്‍ ആരവങ്ങളൊന്നുമില്ലാത്ത, ഒരു ദുര്‍ബ്ബലന്റെ പിടച്ചിലില്‍ മൌലവി എന്നോടൊപ്പം ഉണ്ടാകുമെന്ന്- ഇപ്പോള്‍ എനിക്ക് ഏതാണ്ടുറപ്പാണ്.
നിര്‍ത്തട്ടെ
സ്നേഹത്തോടെ, സ്വന്തം കൈപ്പടയില്‍
ടിയെന്‍ ജോയ്
മുസിരിസ് ഡിസംബര്‍ 13/2013