ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയത് മന്ത്രിസഭയുടെ അംഗീകാരം വേണമെന്ന ശിപാര്‍ശ അട്ടിമറിച്ച്
|മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഡിസ്റ്റിലറി അനുവദിച്ചതെന്ന പ്രതിപക്ഷ ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ ഫയലിലെ ഓരോ കുറിപ്പും
‘ശ്രീ ചക്രാ ഡിസ്റ്റിലറീസി’’ന് സര്‍ക്കാര്‍ അനുമതി നല്‍കിയത് മന്ത്രിസഭാ തീരുമാനമെടുക്കണമെന്ന ഉദ്യോഗസ്ഥ ശിപാര്‍ശ അട്ടിമറിച്ച്. 1999 ലെ നികുതി സെക്രട്ടറിയുടെ ഉത്തരവ്, പുതിയ ഡിസ്റ്റിലറി അനുവദിക്കാന്‍ തടസ്സമായതിനാല്‍ മന്ത്രിസഭയുടെ നയപരമായ തീരുമാനം വേണമെന്നായിരുന്നു നികുതി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശിപാര്‍ശ ചെയ്തത്. ഈ ശിപാര്‍ശ മറികടന്നാണ് എക്സൈസ് മന്ത്രി അനുമതി നല്കാന് ഉത്തരവിട്ടത്.
‘ശ്രീ ചക്ര ഡിസ്റ്റിലറീസി’’ന് ഡിസ്റ്റിലറി അനുവദിക്കുന്നത് സംബന്ധിച്ച സെക്രട്ടറിയേറ്റിലെ ആദ്യ ഉദ്യോഗസ്ഥന് മുതല്‍ മുഖ്യമന്ത്രി വരെ എടുത്ത തീരുമാനങ്ങള്‍ അടങ്ങിയ ഫയലാണ് പുറത്തുവന്നത്. ‘99 ലെ നികുതി സെക്രട്ടറിയുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ 19 വര്‍ഷമായി സംസ്ഥാനത്ത് ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയിട്ടില്ല.
പുതിയ ഡിസ്റ്റിലറിക്ക് അനുമതി നല്കാന് നയപരമായ തീരുമാനം വേണമെന്നാണ് ഫയല്‍ തുറന്ന നികുതി വകുപ്പിലെ സെക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് എഴുതിയത്. സെക്ഷന്‍ ഓഫീസറും, അണ്ടര്‍ സെക്രട്ടറിയും ഇത് ശരിവെച്ചാണ് ഡെപ്യൂട്ടി സെക്രട്ടറിയുടെ കൈയ്യില്‍ ഫയല്‍ എത്തുന്നത്. നികുതി സെക്രട്ടറിയാണ്, ഡിസ്റ്റിലറിക്ക് അനുമതി നല്‍കുന്നതിന് മന്ത്രിസഭയുടെ നയപരമായ തീരുമാനം വേണമെന്ന് നിര്‍ദേശിച്ചത്. ഇതിനായി ഫയല്‍ മുഖ്യമന്ത്രിക്ക് അയക്കമണമെന്നും ഡെപ്യുട്ടി സെക്രട്ടറി കുറിച്ചു.
ഈ ശിപാര്‍ശ അംഗീകരിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് ഫയല്‍ മന്ത്രിക്ക് കൈമാറി. 2017 ഡിസംബര്‍ 8നാണ് ടോം ജോസ് ഫയല്‍ നല്‍കുന്നത്. 6 മാസത്തിന് ശേഷം ‘ശ്രീ ചക്രാ ഡിസ്റ്റിലറീസി’’ന് അനുമതി നല്‍കാമെന്ന് രണ്ടു വരി കുറിപ്പെഴുതിയാണ് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് തീരുമാനമെടുത്തത്
പുതിയ ഡിസ്റ്റിലറി അനുവദിക്കുന്നതിനുള്ള നയപരമായ തീരുമനമെടുക്കാന്‍ മന്ത്രിസഭക്ക് ഫയല്‍ വിടണമെന്നാണ് വകുപ്പ് സെക്രട്ടറിയുടെ ശിപാര്‍ശ. അത് മറികടന്നാണ് മന്ത്രിയുടെ തീരുമാനം. തീരുമാനം മന്ത്രിസഭക്ക് വിടാത്തതെന്തെന്ന് ഫയലില്‍ ഒരിടത്തും മന്ത്രി വ്യക്തമാക്കിയിട്ടുമില്ല. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഡിസ്റ്റിലറി അനുവദിച്ചതെന്ന പ്രതിപക്ഷ ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ ഫയലലിലെ ഓരോ കുറിപ്പും.