വയനാട്ടില്‍ വ്യാജ മദ്യം കഴിച്ച് മൂന്ന് പേര് മരിച്ചു
|മദ്യം കഴിച്ചയുടനെ കുഴഞ്ഞ് വീണ ഇവരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
വയനാട് വെള്ളമുണ്ട വാരാമ്പറ്റയില്‍ മൂന്നു പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. വയനാട് വാരാമ്പറ്റ സ്വദേശിയും മകനും ബന്ധുവുമാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മദ്യം കഴിക്കുന്നതിനിടെയാണ് മൂന്നു പേരുടെയും മരണം. വിഷം കലര്‍ന്ന മദ്യം കഴിച്ചതാണ് മരണകാരണമായതെന്നാണ് സംശയിക്കുന്നത്.
ഇന്നലെ പകലും രാത്രിയുമായാണ് മൂന്നുപേരുടെ മരണം സംഭവിച്ചത്. വയനാട് വാരാമ്പറ്റ സ്വദേശി തിഗന്നായി മരിച്ചത് ഉച്ചയോടെ. മദ്യം കഴിക്കുന്നതിനിടെ കുഴഞ്ഞ് വീണ തിഗന്നായിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി പതിനൊന്ന് മണിയോടെ ആണ് തിഗന്നായിയുടെ മകന് പ്രമോദും ബന്ധു പ്രസാദും മദ്യപിച്ചത്. തിഗന്നായി കഴിച്ചതിന്റെ ബാക്കി മദ്യം ഉപയോഗിച്ച ഇരുവരും മദ്യപിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പ്രമോദ് മരിച്ചു. ആശുപത്രിയിലെത്തിയ ഉടന്‍ പ്രസാദും.
തമിഴ്നാട്ടില്‍നിന്ന് വന്ന ഒരു സ്വര്‍ണപ്പണിക്കാരനാണ് തിഗന്നായിക്ക് മദ്യം നല്‍കിയത്. മദ്യത്തില്‍ വിഷം കലര്‍ന്നിരിക്കാമെന്ന സംശയത്തിലാണ് പൊലീസ്. തിഗന്നായിയുടെ വീട്ടില്‍ മന്ത്രവാദം നടന്നിരുന്നുവെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. മൂന്ന് പേരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.