ഇടുക്കി,പാലക്കാട്,തൃശൂര്‍ ജില്ലകളില്‍ കനത്ത മഴയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു
|പാലക്കാട് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉച്ചക്ക് ശേഷം ഉയര്‍ത്തും. തൃശൂര്‍ ജില്ലയിലെ ഡാമുകളിലെല്ലാം 80 ശതമാനത്തിലധികം നിറഞ്ഞിരിക്കുകയാണ്
റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി,പാലക്കാട്,തൃശൂര്‍ ജില്ലകളില്‍ കനത്ത മഴയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ഇടുക്കിയില്‍ മാട്ടുപ്പെട്ടി, മൂന്നാര്‍ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. പാലക്കാട് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉച്ചക്ക് ശേഷം ഉയര്‍ത്തും. തൃശൂര്‍ ജില്ലയിലെ ഡാമുകളിലെല്ലാം 80 ശതമാനത്തിലധികം നിറഞ്ഞിരിക്കുകയാണ്.
പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഉണ്ടായ കനത്ത മഴക്ക് ഇന്ന് നേരിയ ശമനമുണ്ട്. എന്നാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ഉരുൾപൊട്ടൽ സാധ്യതയുള്ള നെല്ലിയാമ്പതി, അട്ടപ്പാടി, കരടിയോട് എന്നിവിടങ്ങളിൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിയ്ക്കുന്നതിന്റെ ഭാഗമായാണ് മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ ഇന്ന് 30 സെന്റീമീറ്റർ വീതം ഉയർത്തുന്നത്. മണ്ണാർക്കാട് കരടിയോട് ഭാഗത്ത് ഇന്നലെ രാത്രി ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. ഇടുക്കിയില്‍ മാട്ടുപ്പെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. മൂന്നാര്‍ മാട്ടുപ്പെട്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.മുതിരപ്പുഴയാര്‍ .കല്ലാര്‍കുട്ടി ,ലോവര്‍ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
തൃശൂരില്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ഇന്നലെ വൈകീട്ട് തുടങ്ങിയ മഴക്ക് ശമനമുണ്ട്. ഇന്നലെ പെയ്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായ ചാലക്കുടി മേഖലയില്‍ ഇന്ന് രാവിലെയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.