നാക് മാതൃകയിൽ സംസ്ഥാന അക്രഡിറ്റേഷൻ സംവിധാനമായി സാക് വരുന്നു
|2019 ജനുവരി മുതൽ സംസ്ഥാന അക്രഡിറ്റേഷനുള്ള അപേക്ഷ കോളജുകളിൽ നിന്ന് സ്വീകരിക്കും.
കോളേജുകളുടെ ദേശീയ അംഗീകാര ഏജൻസിയായ നാക് മാതൃകയിൽ സംസ്ഥാന അക്രഡിറ്റേഷൻ സംവിധാനമായി സാക് വരുന്നു. 2019 ജനുവരി മുതൽ സംസ്ഥാന അക്രഡിറ്റേഷനുള്ള അപേക്ഷ കോളജുകളിൽ നിന്ന് സ്വീകരിക്കും. ഇതുവഴി സംസ്ഥാനത്തെ കോളേജുകളുടെ ഗുണനിലവാരം ഉയർത്താനാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.
നാഷണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൌൺസിൽ (നാക്) മാതൃകയിൽ സ്റ്റേറ്റ് അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൌൺസിൽ (സാക്) നിലവിൽ വരിക. സാക് അക്രഡിറ്റേഷൻ ഉള്ള കേളേജുകൾക്ക് മാത്രമേ ഭാവിയിൽ സർക്കാർ സഹായം അടക്കം ലഭിക്കൂവെന്ന് ഉന്നത വിദ്യാഭ്യാസ കൌൺസിൽ ബോർഡ് യോഗത്തിന് ശേഷം മന്ത്രി കെടി ജലീൽ വ്യക്തമാക്കി.
കോളജ് അധ്യാപകർക്കായി ഇനിമുതൽ ഫാക്കൽടി ട്രെയിനിംഗ് സെന്റർ ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരെ പങ്കെടുപ്പിച്ച് ജനുവരിയിൽ സംസ്ഥാനത്ത് ദേശീയ സമ്മേളനം സംഘടിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ കൌൺസിൽ ബോർഡ് യോഗത്തിൽ തീരുമാനിച്ചു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതിയിൽ സർവകലാശാലകൾക്ക് എന്ത് ചെയ്യാമെന്നത് സംബന്ധിച്ച് പഠനം നടത്തി ഉന്നത വിദ്യാഭ്യാസ കൌൺസിൽ വഴി സർക്കാറിന് റിപ്പോർട്ട് സമപ്പിക്കും. സംസ്ഥാനത്ത് പഠനം നടത്തുന്ന വിദേശ വിദ്യാർഥികളുടെ ഫീസ് ഏകീകരിക്കാനും യോഗത്തിൽ ധാരണയായി.