കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9ന്
|നവംബര്‍ മാസം മുതല്‍ വിമാനത്താവളത്തില്‍ ആഭ്യന്തര, ഉഡാന്‍ സര്‍വീസുകള്‍ നടത്തുന്നതിനുള്ള സാങ്കേതികാനുമതി നേരത്തെ ലഭിച്ചിരുന്നു.
വടക്കെ മലബാറിന്റെ ആകാശ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9ന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുളള ഏറോഡ്രോം ലൈസന്‍സ് ഡി.ജി.സി.എ അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടന തിയതി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയെ എത്തിച്ച് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്താനുളള നീക്കത്തിലാണ് കിയാല്‍ അധികൃതര്‍.
ഇന്നലെയാണ് കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഏറോഡ്രോം ലൈസന്‍സ് അനുവദിച്ചത്. തൊട്ട് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടന തിയതിയും പ്രഖ്യാപിച്ചു. എയറോഡ്രോം ഡാറ്റ ഡിസംബര്‍ ആറിന് പ്രാബല്യത്തില്‍ വരുന്നതിനാല്‍ ഉദ്ഘാടനത്തിന് പിന്നാലെ വാണിജ്യ അടിസ്ഥാനത്തിലുളള സര്‍വീസുകളും കണ്ണൂരില്‍ നിന്ന് ആരംഭിക്കും. എയര്‍ ഇന്ത്യ,എയര്‍ ഇന്ത്യ എക്സ്പ്രസ്,ജെറ്റ് എയര്‍വേസ്,ഇന്‍ഡിഗോ,സ്പൈസ് ജെറ്റ്,ഗോ എയര്‍ എന്നീ കമ്പനികളാണ് നിലവില്‍ കണ്ണൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കാന്‍ കിയാലിനെ സമീപിപ്പിച്ചിട്ടുളളത്.
ഇന്ത്യയില്‍ നിന്നുളള വിമാന കമ്പനികള്‍ക്ക് മാത്രമാണ് നിലവില്‍ സര്‍വീസ് നടത്താനുളള അനുമതി നല്‍കിയിട്ടുളളത്. കുറഞ്ഞ ചെലവില്‍ വിമാന യാത്ര നടത്താന്‍ കഴിയുന്ന ഉഡാന്‍ പദ്ധതിയിലും കണ്ണൂര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 3050 മീറ്റര്‍ ആണ് നിലവിലെ റണ്‍വെ. ഇത് 4000 മീറ്ററായി നീട്ടാനുളള നടപടി ക്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. 2300 ഏക്കര്‍ ഭൂമിയാണ് കിയാലിന്റെ കൈവശമുളളത്. വിമാനത്താവളത്തോടനുബന്ധിച്ച് ടൌണ്‍ഷിപ്പ്,ഹോട്ടല്‍ സമുച്ചയങ്ങള്‍,ആശുപത്രികള്‍,കാര്‍ഗോ കോംപ്ലക്സ് തുടങ്ങിയവ ആരംഭിക്കാനും കിയാല്‍ പദ്ധതിയിട്ടിട്ടുണ്ട്.