കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ്; സൌദി എയര്‍ലൈന്‍സിന് അന്തിമ അനുമതി നല്കി കൊണ്ടുള്ള ഉത്തരവ് ഉടന്‍
|കരിപ്പൂരിനെ പ്രത്യേക ഡെസ്റ്റിനേഷന്‍ പോയിന്റായി പരിഗണിച്ചാവും സര്‍വീസ് പുനരാരംഭിക്കുക.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്തുന്ന കാര്യത്തില്‍ സൌദി എയര്‍ലൈന്‍സിന് അന്തിമ അനുമതി നല്കി കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കരിപ്പൂരിനെ പ്രത്യേക ഡെസ്റ്റിനേഷന്‍ പോയിന്റായി പരിഗണിച്ചാവും സര്‍വീസ് പുനരാരംഭിക്കുക. ഇതോടൊപ്പം തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകള്‍ നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന സൌദി എയര്‍ലൈന്‍സിന്റെ ആവശ്യവും താല്‍ക്കാലികമായി അംഗീകരിക്കപ്പെടും.
വലിയ വിമാനങ്ങളുടെ സര്‍വീസ് കരിപ്പൂരില്‍ നിന്നും പുനരാരംഭിക്കാനായി സൌദി എയര്‍ലൈന്‍സിന് ആഗസ്ത് 9 ന് ഡി.ജി.സി.എ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സൌദിയും ഇന്ത്യയും തമ്മിലുള്ള സീറ്റ് ഷെയറിങ് വ്യവസ്ഥ പ്രകാരമുള്ള സര്‍വീസുകള്‍ കോഴിക്കോട്ടേത് നിലവില്‍ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. ഇത് തിരുവനന്തപുരത്ത് തന്നെ നിലനിര്‍ത്തി കൊണ്ട് കരിപ്പൂരില്‍ നിന്ന് സര്‍വീസ് അനുവദിക്കണമെന്ന നിര്‍ദേശം സൌദി എയര്‍ ലൈന്‍സ് മുന്നോട്ട് വെച്ചതോടെ കരിപ്പൂരില്‍ നിന്നുള്ള സര്‍വീസ് പുനരാംരംഭിക്കുന്നത് വൈകി. ഇപ്പോള്‍ നയതന്ത്ര ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പ്രത്രേക ഡെസ്റ്റിനേഷനായി 2020 വരെ കരിപ്പൂരിനെ പരിഗണിക്കാനാണ് തീരുമാനം. 2020 ന് ശേഷം നേരത്തെ തിരുവന്തപുരത്തേക്ക് മാറ്റിയ സര്‍വീസുകള്‍ കരിപ്പൂരിലേക്ക് തന്നെ മാറ്റും . ഇത് സംബന്ധിച്ചുള്ള വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തിറങ്ങും.
നെടുമ്പാശേരിയിലേക്കുള്ള സര്‍വീസുകളില്‍ ഏഴെണ്ണം കരിപ്പൂരിലേക്ക് മാറ്റി കൊണ്ട് സീറ്റ് ഷെയര്‍ വ്യവസ്ഥയില്‍ മാറ്റം വരുത്താതെയാണ് ധാരണ. ഉത്തരവ് പുറത്തിറങ്ങിയാലുടന്‍ സീറ്റ് ബുക്കിങ് സൌദി എയര്‍ലൈന്‍സ് ആരംഭിക്കും.