മാവോയിസ്റ്റ് നേതാവ് ഡാനിഷ് പൊലീസ് പിടിയില്‍
|തമിഴ്നാട് സ്വദേശി ഡാനിഷിനായി പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
കേരളത്തിലെ പ്രധാന മാവോയിസ്റ്റ് പ്രവര്‍ത്തകരിലൊരാളായ ഡാനിഷ് അട്ടപ്പാടിയില്‍ പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശിയായ ഡാനിഷ് അട്ടപ്പാടി, നിലമ്പൂര്‍, വയനാട് മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്നയാളാണ്. ഇയാളെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പാലക്കാട് എ.ആര് ക്യാമ്പില്‍ ചോദ്യം ചെയ്യുകയാണ്.
ഇന്ന് പുലര്‍ച്ചെയാണ് അട്ടപ്പാടി പുതൂരിന് സമീപം വെച്ച് ഡാനിഷ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കോയമ്പത്തൂര്‍ സ്വദേശിയായ ഡാനിഷ് കബനി, ഭവാനി ദളങ്ങളിലെ പ്രചരണ വിഭാഗത്തിലെ സജീവ പ്രവര്‍ത്തകനാണ്. നിലമ്പൂര്‍ വെടിവെപ്പിന് ശേഷം പൊലീസിനു നേരെ പ്രത്യാക്രമണമുണ്ടാവുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള 20 പേരില്‍ ഒരാളാണ്.
അടുത്തിടെ അട്ടപ്പാടി കേന്ദ്രീകരിച്ചായിരുന്നു ഡാനിഷിന്റെ പ്രവര്‍ത്തനം. പ്രഭ ഉള്‍പ്പടെയുള്ള മാവോയിസ്റ്റ് നേതാക്കള്‍ അട്ടപ്പാടിയില്‍ വന്നു പോവുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മാവോയിസ്റ്റ് സംഘം ചില ആദിവാസി കോളനികളിലും സന്ദര്‍ശിച്ചിരുന്നു. പിടിയിലായ ഡാനിഷിന്റെ പേരില്‍ തമിഴ്നാട്ടിലും നിരവധി കേസുകള്‍ ഉണ്ട്. കഴിഞ്ഞ സെപ്തംബറില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകനായ കാളിദാസന് ശേഷം അട്ടപ്പാടിയില്‍ നടക്കുന്ന പ്രധാന അറസ്റ്റാണ് ഡാനിഷിന്റേത്.