റെഡ് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും ജാഗ്രതയില്‍ പാലക്കാട്
|ഇതിന്റെ ഭാഗമായാണ് മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ കഴിഞ്ഞ ദിവസം തുറന്നത്. നെല്ലിയാമ്പതിയിലേക്കുള്ള യാത്രാ നിരോധനവും തുടരുകയാണ്.
പാലക്കാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും അതി തീവ്ര മഴയ്ക്കുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ കഴിഞ്ഞ ദിവസം തുറന്നത്. നെല്ലിയാമ്പതിയിലേക്കുള്ള യാത്രാ നിരോധനവും തുടരുകയാണ്.
അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിയ്ക്കുന്നതിന്റെ ഭാഗമായാണ് മലമ്പുഴ അണക്കെട്ടിന്‌റെ 4 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. ഡാമിലെ ജലനിരപ്പ് 114.03ല്‍ നില്‍ക്കുമ്പോഴാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇത് രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കാനുള്ള ജലനിരപ്പാണെങ്കിലും അതി തീവ്ര മഴയ്ക്കുള്ള സാദ്ധ്യത മുന്നില്‍ക്കണ്ടാണ് ഈ ഘട്ടത്തില്‍ തന്നെ ഷട്ടര്‍ തുറന്നത്.
ഇക്കഴിഞ്ഞ ആഗസ്ത് 1ന് മലമ്പുഴയിലെ ഷട്ടറുകള്‍ തുറന്നത് ജലനിരപ്പ് 114.8 മീറ്ററില്‍ എത്തിയപ്പോഴായിരുന്നു. മുന്‍ അനുഭത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളം ചെറിയ രീതിയില്‍ തുറന്നു വിട്ട് അപകടസ്ഥിതി ഒഴിവാക്കാനാണ് ഇത്തവണ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഉരുള്‍ പൊട്ടല്‍ അടക്കം മറ്റു ദുരന്തങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ കണ്ടെത്താനും ജില്ലാ ഭരണകൂടം റവന്യു വകുപ്പ് പ്രാദേശിക ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.