Kerala
Kerala
മട്ടിമലയില്‍ ഉരുള്‍പൊട്ടി; കണ്ണപ്പന്‍ കുണ്ടില്‍ മലവെള്ളപ്പാച്ചില്‍
|6 Oct 2018 1:07 AM GMT
പ്രളയകാലത്ത് ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് പുഴ വഴിമാറി ഒഴുകിയതിനാല്‍ നിരവധി വീടുകള്‍ അന്ന് തകര്‍ന്നിരുന്നു.
കോഴിക്കോട് കണ്ണപ്പന് കുണ്ടില്‍ മലവെള്ളപ്പാച്ചില്‍. മട്ടിമലയില്‍ വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ പ്രദേശത്ത് വലിയ നാശനഷ്ടമുണ്ടായിരുന്നു.
ഇന്നലെ വൈകിട്ടാണ് കണ്ണപ്പന്‍ കുണ്ടില്‍ വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായത്. വറ്റിവരണ്ടിരുന്ന പുഴയിലേക്ക് മലവെള്ളം കുതിച്ചെത്തി. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി.
സ്ഥലത്ത് ഫയര്‍ ഫോഴ്സും പോലീസും എത്തി നാട്ടുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. എന്നാല്‍ മഴ കുറഞ്ഞതോടെ വെള്ളം താണു. ഇതോടെ നാട്ടുകാര്‍ക്ക് ആശ്വാസമായി. മട്ടിമലയില്‍ ഉരുള്‍ പൊട്ടിയതാണ് മലവെള്ളപ്പാച്ചിലിനു കാരണമായത്. പ്രളയകാലത്ത് ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് പുഴ വഴിമാറി ഒഴുകിയതിനാല്‍ നിരവധി വീടുകള്‍ അന്ന് തകര്‍ന്നിരുന്നു.