Kerala
ബ്രൂവറി വിവാദം: വീണ്ടും വിശദീകരണവുമായി എക്സൈസ് മന്ത്രി
Kerala

ബ്രൂവറി വിവാദം: വീണ്ടും വിശദീകരണവുമായി എക്സൈസ് മന്ത്രി

Web Desk
|
6 Oct 2018 8:09 AM GMT

ശ്രീചക്ര ഡിസ്റ്റിലറീസ് കടലാസ് കമ്പനിയാണെന്ന ആരോപണത്തിലും അന്വേഷണം നടത്തും. ആര്‍ക്കും വിദേശത്തേക്ക് മദ്യം കയറ്റി അയക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി

ഡിസ്റ്റിലറികള്‍ക്കും ബ്രൂവറികള്‍ക്കും അനുമതി നല്‍കിയതില്‍ അപാകതകള്‍ സംഭവിച്ചുവെന്ന ആക്ഷേപം വിശദമായി പരിശോധിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ശ്രീചക്ര ഡിസ്റ്റിലറീസ് കടലാസ് കമ്പനിയാണെന്ന ആരോപണത്തിലും അന്വേഷണം നടത്തും. ആര്‍ക്കും വിദേശത്തേക്ക് മദ്യം കയറ്റി അയക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. അഴിമതിക്ക് പിന്നില്‍ ബിനാമി കമ്പനികളാണെന്ന ആരോപണം ഉയര്‍ത്തിയ പ്രതിപക്ഷ നേതാവ് സി.പി.എമ്മിനും അഴിമതിയില്‍ പങ്കാളിത്തം ഉണ്ടെന്നും കുറ്റപ്പെടുത്തി.

ബ്രൂവറികളും ഡിസ്‍ലറികളും തുടങ്ങാനായി തത്വത്തില്‍ അനുമതി നല്‍കിയ തീരുമാനം കൂടുതല്‍ വിവാദങ്ങള്‍ വിളിച്ചു വരുത്തുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. ലൈസന്‍സ് പരിഗണിക്കുന്ന ഘട്ടത്തില്‍ ആക്ഷേപങ്ങളെല്ലാം വിശദമായി പരിശോധിക്കും

ശ്രീചക്ര ഡിസ്‍ലറിക്കെതിരായ ആരോപണം ശരിയാണെന്ന് കണ്ടെത്തിയാല്‍ തത്വത്തില്‍ നല്‍കിയ അനുമതി റദ്ദാക്കും. വിദേശത്തേക്ക് മദ്യം കയറ്റുമതി ചെയ്യാനുള്ള അനുമതി തേടി ശ്രീചക്ര സര്‍ക്കാരിനെ സമീപിച്ചിരുന്നതായി സ്ഥിരീകരിച്ച എക്സൈസ് മന്ത്രി അനുമതി നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി.

അതേസമയം ഇടപാടിന് പിന്നില്‍ ബിനാമി-കടലാസ് ക കമ്പനികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടതും വ്യാജ മേല്‍വിലാസവുമുള്ള കമ്പനികള്‍ക്ക് അനുമതി നല്‍കിയതില്‍ നിന്ന് തന്നെ അഴിമതി നടന്നുവെന്ന കാര്യം വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പേരാമ്പ്ര എക്സൈസ് ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Similar Posts