കേരളത്തിനുള്ള യു.എ.ഇയുടെ പ്രളയദുരിതാശ്വാസം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ വാദം കളവ്
|കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ ദുരിതാശ്വാസ സഹായങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരിട്ട് സ്വീകരിക്കാമെന്ന് വിവരാവകാശ രേഖ
പ്രളയബാധിത കേരളത്തിന് യു.എ.ഇ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കാന്‍ നയം തിരുത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം കളവ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സഹായം കൈപ്പറ്റുന്നതിന് തടസങ്ങളില്ലെന്ന വിവരാകാശ രേഖ പുറത്ത്. വിദേശ സഹായം സ്വീകരിക്കുന്നതില്‍ യു.പി.എ ഗവണ്‍മെന്റിന്റെ നയം തന്നെയാണ് തങ്ങള്‍ തുടരുന്നതെന്ന സര്‍ക്കാര്‍ വാദവും ഇതോടെ പൊളിഞ്ഞു. മീഡിയാ വണ്‍ എക്സ്ക്ലൂസീവ്.
ദുരിതാശ്വാസ സഹായങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് സ്വീകരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിനുള്ള ഉത്തരമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതുപ്രകാരം സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ സഹായം കൈപ്പറ്റുന്നതിന് തടസങ്ങളില്ല. വിവരാകാശ പ്രവര്‍ത്തകന്‍ അഡ്വക്കേറ്റ് ഡി.ബി ബിനുവിന് വിദേശകാര്യം മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഉള്ളത്.
2016 ല്‍ ദേശീയ ദുരന്ത നിവാരണ വിഭാഗം പുറത്തിറക്കിയ പദ്ധതി രേഖയിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. അതുകൊണ്ടു യു.പി.എ സര്‍ക്കാരിന്റെ നയം തന്നെയാണ് ഇക്കാര്യത്തില്‍ തുടരുന്നതെന്ന വാദത്തിനും കഴമ്പില്ലാതെയായി. ഇതോടെ വിദേശ ധനസഹായം സ്വീകരിക്കാന്‍ നയം തിരുത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദമാണ് തെറ്റാണന്ന് തെളിഞ്ഞിരിക്കുന്നത്.