Kerala
അഭിലാഷ് ടോമിയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലെത്തിച്ചു
Kerala

അഭിലാഷ് ടോമിയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലെത്തിച്ചു

Web Desk
|
7 Oct 2018 3:17 PM GMT

നാവികസേന കപ്പലായ ഐ.എന്‍.എസ് സത്പുരയിലാണ് ശനിയാഴ്ച വൈകീട്ടാണ് അഭിലാഷിനെ വിശാഖപട്ടണത്ത് എത്തിച്ചത്. 

പായ്‍വഞ്ചി പ്രയാണ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ നാവിക കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. വിശാഖപട്ടണത്തെ നാവികസേന ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സക്കായാണ് ഡല്‍ഹിയിലേക്ക് മാറ്റിയത്. ഡല്‍ഹിയിലെ ആശുപത്രിയില്‍ നടത്തു പരിശോധനകളില്‍ അഭിലാഷിന്റെ ആരോഗ്യനില വിശദമായി വിലയിരുത്തും. ശേഷം തുടര്‍ചികിത്സ ആരംഭിക്കും. അഭിലാഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പിതാവ് റിട്ട. ലഫ്. കമാന്‍ഡര്‍ വി.സി ടോമി പറഞ്ഞു.

നാവികസേന കപ്പലായ ഐ.എന്‍.എസ് സത്പുരയിലാണ് ശനിയാഴ്ച വൈകീട്ടാണ് അഭിലാഷിനെ വിശാഖപട്ടണത്ത് എത്തിച്ചത്. ഫ്രാന്‍സിന്റെ അധീനതയിലുള്ള ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സയിലിരുന്ന അഭിലാഷുമായി കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെട്ട കപ്പല്‍ മുംബൈയിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് വിശാഖപട്ടണത്തേക്ക് സഞ്ചാരദിശ മാറ്റിയത്. ആസ്ട്രേലിയന്‍ തീരമായ പെര്‍ത്തില്‍നിന്ന് 3704 കിലോമീറ്റര്‍ അകലെയാണ് അഭിലാഷ് സഞ്ചരിച്ച 'തുരീയ' പായ്‍വഞ്ചി അപകടത്തില്‍പെട്ടത്.

പായ്മരങ്ങള്‍ തകര്‍ന്ന് അഭിലാഷിന് നടുവിന് സാരമായി പരിക്കേറ്റിരുന്നു. ജൂലൈ ഒന്നിന് ഫ്രാന്‍സിലെ സാബ്‌ലെ ദെലോവ തുറമുഖത്തു നിന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് മത്സരം ആരംഭിച്ചത്. 84 ദിവസത്തിനു ശേഷം 19,444 കിലോമീറ്റര്‍ പിന്നിട്ടാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയത്. മത്സരത്തില്‍ ഏഷ്യയില്‍നിന്നുള്ള ഏക മത്സരാര്‍ഥിയായിരുന്നു മൂന്നാംസ്ഥാനക്കാരനായിരുന്ന അഭിലാഷ് ടോമി.

Related Tags :
Similar Posts