ന്യൂനമര്‍ദ്ദം അകന്നു; 5 ജില്ലകളിലെയും ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു
|ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാനും, 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരും.
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരളതീരത്ത് നിന്നും അകന്ന പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
അറബിക്കടലില്‍ ലക്ഷദ്വീപിന് 500 കിലോമീറ്റര്‍ അകലെയായി വ്യാഴാഴ്ചയാണ് ന്യൂനമര്‍ദം രൂപം കൊണ്ടത്. ലക്ഷദ്വീപിന് 810 കിലോമീറ്റര്‍ അകലെയുണ്ടായിരുന്ന ന്യൂനമര്‍ദ്ദം ഇപ്പോള്‍ 930 കിലോമീറ്റര്‍ അകലെയായി. ന്യൂനമര്‍ദ്ദം അതിശക്തമായി മാറി കൊടുങ്കാറ്റിന് സാധ്യതയുണ്ടെങ്കിലും കേരളത്തെ ഇത് ബാധിക്കില്ല.
വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ഒമാന്‍ തീരത്തേക്കാണ് ന്യൂനമര്‍ദം നീങ്ങുന്നത്. നേരത്തെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാനും, 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരും. പൊലീസ്, അഗ്നിശമന സേന യൂണിറ്റുകള്‍ ഇന്നും നാളെയും ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്കി. മലയോരമേഖലയിലെ വിനോദസഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം മഴയുടെ സാഹചര്യം പരിശോധിച്ച് ജില്ലാദുരന്തനിവാരണ അതോറിറ്റികള്‍ക്ക് പിന്‍വലിക്കാം.