ആദിവാസി യുവാക്കളെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ചെന്ന പരാതി; എസ്.ഐയെ സ്ഥലം മാറ്റി
|എസ്.ഐ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ചെന്ന മീനാക്ഷിപുരം സ്വദേശികളായ സഞ്ജയ്, നിധീഷ് എന്നിവരുടെ പരാതിയിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി.
ആദിവാസി യുവാക്കളെ പൊലീസ് നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ചതായി പരാതി. മീനാക്ഷിപുരം എസ്.ഐ ആര് വിനോദിനെതിരെ സഞ്ജയ്, നിധീഷ് എന്നീ യുവാക്കളാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ക്ഷേത്രത്തിലേക്കുള്ള നേര്‍ച്ചയായാണ് മുടി നീട്ടിവളര്ത്തിയിരുന്നതെന്ന് യുവാക്കള്‍ പറഞ്ഞു. പരാതിയിന്മേല് എസ്.ഐയെ എ.ആര് ക്യാമ്പിലേക്ക് സ്ഥലം മാറ്റി.
കഴിഞ്ഞ ദിവസം മീനാക്ഷിപുരത്ത് ക്ഷേത്ര ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നതിനിടെ യുവാക്കള്‍ തമ്മില്‍ സംഘട്ടനമുണ്ടായിരുന്നു. സംഘട്ടനത്തില്‍ തങ്ങള്‍ രണ്ടുപേര്‍ക്കും ഒരു സുഹൃത്തിനും മര്‍ദ്ദനമേറ്റതായി സഞ്ജയും നിധീഷും പറയുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പോയി. പിന്നീടാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സ്റ്റേഷനില്‍ വെച്ച് എസ്.ഐ തല മൊട്ടയടിക്കാനാവശ്യപ്പെട്ടപ്പോള് നിഷേധിച്ചു. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി മൊട്ടയടിപ്പിക്കുകയാണുണ്ടായതെന്ന് നിധീഷും സഞ്ജയും പറയുന്നു.
ഇരുവരും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് എസ്.ഐ ആര് വിനോദിനെ എ.ആര് ക്യാമ്പിലേക്ക് സ്ഥലം മാറ്റി.