ശബരിമല സ്ത്രീപ്രവേശനം: പരസ്പരം കുറ്റപ്പെടുത്തി കോണ്‍ഗ്രസും ബിജെപിയും
|ശബരിമല സ്ത്രീപ്രവേശനത്തില്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നിലപാട് അവസരവാദപരമെന്ന് കോണ്‍ഗ്രസ്: കോണ്‍ഗ്രസ് നിലപാട് ഇരട്ടത്താപ്പെന്ന് ബിജെപി
ശബരിമല സ്ത്രീ പ്രവേശനത്തിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍ക്കാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമാണ്. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താന്‍ അനുവദിക്കില്ല. വിഷയത്തില്‍ ആര്‍.എസ്.എസും ബി.ജെ.പിയും സ്വീകരിക്കുന്നത് അവസരവാദപരമായ നിലപാടാണ്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും ശ്രീധരന്‍ പിള്ള കൊച്ചിയില്‍ പറഞ്ഞു.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരായ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാനായി ബിജെപി കോര്‍ കമ്മിറ്റി യോഗം കൊച്ചിയില്‍ നടക്കുകയാണ്.