സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിംഗ്: പ്രഖ്യാപനം നടപ്പിലായില്ല
|ഒക്ടോബര്‍ 1 മുതല്‍ പഞ്ചിംഗ് നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടു.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഒക്ടോബര്‍ 1 മുതല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കുമെന്ന പ്രഖ്യാപനം നടപ്പിലായില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടു. ജീവനക്കാരുടെ എതിര്‍പ്പ് മൂലമാണ് പഞ്ചിംഗ് നടപ്പിലാക്കാത്തതെന്നാണ് ആക്ഷേപം.
ഒക്ടോബര്‍ 1 മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അതോറിറ്റികള്‍, കമ്മീഷനുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ ഗ്രാന്റോടുകൂടി പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും പഞ്ചിംഗ് ഏര്‍പ്പെടുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനാവശ്യമായ പഞ്ചിംഗ് മെഷീനുകള്‍ വാങ്ങാന്‍ അതത് ഓഫീസ് മേധാവികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ ഏത് കമ്പനിയുടെ മെഷീന് വാങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഉത്തരവ് പിന്‍വലിച്ചിരിക്കുന്നത്. എല്ലാ ഓഫീസുകളിലും പഞ്ചിംഗ് ഏര്‍പ്പെടുത്തുന്നതിനോട് ഭരണ പ്രതിപക്ഷ ഭേദമന്യേ സര്‍വീസ് സംഘടനകള്‍ എതിരാണ്.
പഞ്ചിംഗ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍വീസ് സംഘടനകളുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന ആക്ഷേപവും സംഘടനകള്‍ക്കുണ്ട്. ജീവനക്കാരുടെ എതിര്‍പ്പാണ് നടപടികള്‍ നിര്‍ത്തിവക്കാന്‍ കാരണമെന്നാണ് സൂചന.