ശബരിമല വിധിക്കെതിരെ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജികള്‍
|വിധി അയ്യപ്പ വിശ്വാസികളുടേയും പ്രതിഷ്ഠയുടേയും അവകാശങ്ങള്‍ ലംഘിക്കുന്നു. ഒരു പൊതു താത്പര്യ ഹരജിയില്‍ കോടതി അധികാര പരിധി മറികടന്നുവെന്നും പുനഃപ്പരിശോധന ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ശബരിമല വിധിക്കെതിരെ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജികള്‍ എത്തിതുടങ്ങി. ദേശീയ അയ്യപ്പ ഭക്ത അസോസിയേഷന് പിന്നാലെ നായര്‍ സര്‍വ്വീസ് സൊസൈറ്റിയും ഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ കക്ഷി അല്ലാത്തതിനാല്‍ അയ്യപ്പ ഭക്ത അസോസിയേഷന്‍റ ഹര്‍ജി സ്വീകരിക്കണമോ എന്ന് ചീഫ് ജസ്റ്റിസ് ഉടന്‍ തീരുമാനിക്കും.
ശബരിമലയിലെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരായ 5 അംഗ ഭരണഘടന ബഞ്ചിന്‍റെ വിധി ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ടാണ് ദേശീയ അയ്യപ്പ ഭക്ത അസോസിയോഷന്‍റെ പുനഃപരിശോധന ഹര്‍ജി. പ്രവേശനം നിഷേധിക്കപ്പെട്ട അയ്യപ്പ ഭക്തയായ ഒരു സ്ത്രീ പോലും കോടതിയെ സമീപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ തുല്യതക്കുള്ള അവകാശം ലംഘിക്കപ്പെട്ടെന്ന ഭരണഘടനാബഞ്ചിന്റെ കണ്ടെത്തലില്‍ പ്രശ്നങ്ങളുണ്ട്. ക്രമസമാധാന പ്രശ്നങ്ങള്‍കൂടി കോടതി മുഖവിലക്കെടുക്കണമായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ കക്ഷികളായിരുന്ന എന്‍.എസ്.എസും, പന്തളം രാജകൊട്ടാരവും ഇന്ന് ഹര്‍ജി സമര്‍പ്പിച്ചേക്കും. മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നാളെ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കും.
ഇതിനകം പുനഃപരിശോധന ആവശ്യവുമായി എത്തിയ ദേശീയ അയ്യപ്പ ഭക്ത അസോസിയേഷന്‍ കേസില്‍ കക്ഷി അല്ല എന്നതിനാല്‍, ഈ ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോ എന്ന് ചീഫ് ജസ്റ്റിസാണ് തീരുമാനിക്കുക. തീരുമാനം എന്ത് തന്നെയായും കേസില്‍ നിര്‍ണായകമാണ്.
പീപ്പിള്‍ ഫോര്‍ ധര്‍മ, പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി അടക്കമുള്ളവര്‍ നാളെ പുനഃപ്പരിശോധന ഹരജി സമര്‍പ്പിച്ചേക്കും.