Kerala
മിഠായിതെരുവിലെ വാഹന നിരോധം; എതിര്‍പ്പുമായി സി.പി.എം അനുകൂല സംഘടന
Kerala

മിഠായിതെരുവിലെ വാഹന നിരോധം; എതിര്‍പ്പുമായി സി.പി.എം അനുകൂല സംഘടന

Web Desk
|
8 Oct 2018 2:16 PM GMT

നിരോധനം കച്ചവടത്തെ തകര്‍ക്കുന്നതായി ആരോപിച്ച് വ്യാപാരി വ്യവസായി സമിതി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

കോഴിക്കോട് മിഠായി തെരുവിലെ വാഹനഗതാഗത നിയന്ത്രണത്തിന് എതിരെ സി.പി.എം അനുകൂല സംഘടന രംഗത്ത്. നിരോധനം കച്ചവടത്തെ തകര്‍ക്കുന്നതായി ആരോപിച്ച് വ്യാപാരി വ്യവസായി സമിതി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

മിഠായിതെരുവില്‍ വാഹനഗതാഗതം നിരോധിച്ച ജില്ലാഭരണകൂടത്തിന്റെയും കോര്‍പ്പറേഷന്റെയും നിലപാടിനെതിരായ പ്രതിഷേധമാണ് സി.പി.എം എം.എല്‍.എയും വ്യാപാരി വ്യവസായി സമിതി അധ്യക്ഷനുമായ വി.കെ.സി മമ്മദ് കോയയുടെ വാക്കുകള്‍. വാഹനം കടത്തി വിടാത്തത് കാരണം വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിപോകേണ്ടി വരുന്നുവെന്നാണ് വ്യാപാരി വ്യവസായി സമിതിയുടെ വാദം.

വാഹനഗതാഗതം അനുവദിക്കുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് സമിതിയുടെ തീരുമാനം. ആദ്യഘട്ടമായി ജില്ലാ സെക്രട്ടറി സി.കെ വിജയന്‍, പ്രവര്‍ത്തക സമിതി അംഗം നിസാര്‍, മിഠായി തെരുവ് യൂണിറ്റ് സെക്രട്ടറി അനില്‍കുമാര്‍ എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്. സി.പി.എം അനുകൂല സംഘടന തന്നെ പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ കോര്‍പ്പറേഷനേയും ജില്ലാഭരണകൂടത്തേയും വരും ദിവസങ്ങളില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമെന്നാണ് മറ്റ് വ്യാപാര സംഘടനകളുടേയും കണക്ക് കൂട്ടല്‍.

Related Tags :
Similar Posts