പുരയിടത്തില്‍ കയറിയെന്നാരോപിച്ച് മിണ്ടാപ്രാണിയോട് അയല്‍വാസിയുടെ ക്രൂരത;പശുവിന്റെ കഴുത്തില്‍ കത്തി കൊണ്ട് കുത്തി
|ദൃക്സാക്ഷികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ പത്തനാപുരം പൊലീസ് കേസെടുത്തു.
കൊല്ലം പത്തനാപുരത്ത് പുരയിടത്തില്‍ കയറിയെന്നാരോപിച്ച് മിണ്ടാപ്രാണിയോട് അയല്‍വാസിയുടെ ക്രൂരത. പശുവിനെ കഴുത്തില്‍ കത്തി കൊണ്ട് മുറിവേല്‍പ്പിച്ചാണ് ക്രൂരത കാട്ടിയത്. ദൃക്സാക്ഷികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ പത്തനാപുരം പൊലീസ് കേസെടുത്തു.
പത്തനാപുരം പൂങ്കുളഞ്ഞി സ്വദേശിനി 76 കാരി ലക്ഷ്മി കുട്ടിയുടെ പശുവിന്റെ കഴുത്തിനാണ് അയല്‍വാസി മുറിവേല്‍പ്പിച്ചത്. വീടിന് സമീപത്തെ തരിശ് ഭൂമിയിൽ മേയാന്‍ വിട്ടിരുന്ന പശു ഉച്ചത്തില്‍ കരയുന്നത് കേട്ടാണ് ലക്ഷ്മിക്കുട്ടിയമ്മ ഓടിയെത്തിയത്. കഴുത്തില്‍ മുറിവേറ്റ് ചോരയൊലിക്കുന്ന നിലയിലാണ് പശുവിനെ കണ്ടത്. അയൽവാസിയുടെ പുരയിടത്തില്‍ കയറിയ കാരണം പറഞ്ഞാണ് പശുവിന്റെ കഴുത്ത് അറത്ത് വലിയ മുറിവുണ്ടാക്കിയതെന്ന് പത്താനപുരം പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
വർഷങ്ങളായി പശുക്കളെ പരിപാലിച്ച് പാലും തൈരും വിറ്റാണ് ഒറ്റക്ക് താമസിക്കുന്ന ലക്ഷ്മിക്കുട്ടി ജീവിക്കുന്നത്. ദൃക്സാക്ഷികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസികളായ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.