Kerala
മൂലമ്പിള്ളി -പിഴല പാലത്തിന്റെ നിർമാണം; സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം
Kerala

മൂലമ്പിള്ളി -പിഴല പാലത്തിന്റെ നിർമാണം; സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം

Web Desk
|
9 Oct 2018 3:34 AM GMT

ഇരുകരകളും മുട്ടിക്കാതെയും ഭൂമി ഏറ്റെടുക്കാതെയും എങ്ങനെ പാലവുമായി ബന്ധപ്പെട്ട് വിശാല കൊച്ചി വികസന അതോറിട്ടിയും സർക്കാറും പദ്ധതിക്ക് രൂപകൽപന നൽകിയതെന്നാണ് കോടതി ആരാഞ്ഞത്.

മൂലമ്പിള്ളി -പിഴല പാലത്തിന്റെ നിർമാണം ഇഴഞ്ഞ് നീങ്ങുന്നതിനെതിരെ ഹൈക്കോടതി. ഇരുകരകളും മുട്ടിക്കാതെയുള്ള പാലം നിർമാണത്തിന് അനുമതി നൽകിയ അധികൃതരുടെ നടപടി ആശ്ചര്യപ്പെടുത്തുന്നതായി കോടതി പറഞ്ഞു. പാലം നിര്‍മാണത്തില്‍ രണ്ടാഴ്ചയ്ക്കുള്ളിൽ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ഇരുകരകളും മുട്ടിക്കാതെയും ഭൂമി ഏറ്റെടുക്കാതെയും എങ്ങനെ പാലവുമായി ബന്ധപ്പെട്ട് വിശാല കൊച്ചി വികസന അതോറിട്ടിയും സർക്കാറും പദ്ധതിക്ക് രൂപകൽപന നൽകിയതെന്നാണ് കോടതി ആരാഞ്ഞത്. പാലവുമായി ബന്ധിപ്പിക്കാനുള്ള അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുക പോലും ചെയ്യാതെ പദ്ധതിക്ക് രൂപം നൽകിയതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം പ്രവർത്തനം പാലം സാക്ഷാത്കരിക്കുന്നതിന് ഉപകരിക്കില്ലെന്നു പറഞ്ഞ കോടതി വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളിൽ സര്‍ക്കാര്‍ മറുപടി നല്കണമെന്നും ഉത്തരവിട്ടു .

മൂലമ്പിള്ളി -പിഴല പാലത്തിന്റെ നിർമാണം 90 ശതമാനവും പൂർത്തിയായെങ്കിലും തുക വകയിരുത്തുന്നതിന് ഭരണാനുമതി ലഭിച്ചിട്ടില്ലെന്ന് കരാറുകാരൻ കോടതിയെ അറിയിച്ചു. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കുന്നതിനടക്കമുള്ള സർക്കാർ അനുമതികൾ ലഭിക്കാനുമുണ്ടെന്നും കരാറുകാരൻ ചൂണ്ടിക്കാട്ടി. മറുപടി നൽകാൻ തദ്ദേശസ്വയം ഭരണ വകുപ്പ് കൂടുതൽ സമയം തേടിയതിനെ തുടര്‍ന്ന് രണ്ടാഴ്ചക്ക് ശേഷം കേസ് പരിഗണിക്കുന്നതിനായി മാറ്റി.

Similar Posts